'അയാൾ ഇപ്പോഴും ഉയരങ്ങളിൽ നിൽക്കുന്നു'; ഫുട്ബോളിലെ മികച്ച താരത്തിന്റെ പേര് പറഞ്ഞ് ഹാരി കെയ്ൻ

ബുന്ദസ്‍ലീ​ഗയിലെ മികച്ച താരം ആരെന്നായിരുന്നു ബയേൺ മ്യൂണിക് താരം നേരിട്ട മറ്റൊരു ചോദ്യം

dot image

ലോക ഫുട്ബോളിലെ മികച്ച താരം ലയണൽ മെസ്സിയെന്ന് ഇം​ഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ. ഫുട്ബോൾ വെബ്സൈറ്റായ ​ഗോളിന്റെ ചോദ്യത്തര പരിപാടിയിലാണ് ഹാരി കെയ്നിന്റെ പ്രതികരണം. മെസ്സി വീണ്ടും മികച്ച രീതിയിൽ കോപ്പ അമേരിക്ക വിജയിച്ചിരിക്കുന്നു. ഇപ്പോഴും അയാൾ ഉയരങ്ങളിൽ നിൽക്കുന്നു. ചോദ്യത്തിന് അധികമെന്നും ആലോചിക്കാതെ തന്നെ ഹാരി കെയ്ൻ മറുപടി പറഞ്ഞു.

ബുന്ദസ്‍ലീ​ഗയിലെ ഇപ്പോഴത്തെ മികച്ച താരം ആരെന്നായിരുന്നു ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്കിന്റെ താരമായ ഹാരി കെയ്ൻ നേരിട്ട മറ്റൊരു ചോദ്യം. ബയേൺ സഹതാരവും ജർമ്മൻ ഫുട്ബോളിലെ നിർണായക സാന്നിധ്യവുമായ ജമാൽ മുസിയാലയുടെ പേരാണ് കെയ്ൻ പറഞ്ഞത്. ഫുട്ബോളിനോട് ഏറ്റവും കൂടുതൽ ആവേശമുള്ള താരം ആരെന്ന ചോദ്യത്തിന് ജർമ്മൻ മുൻ താരം തോമസ് മുള്ളറുടെ പേര് കെയ്ൻ പറഞ്ഞു.

കളി കണ്ടിരിക്കാൻ കഴിയുന്ന യുവതാരം ആരെന്ന ചോദ്യത്തിന് ഇം​ഗ്ലീഷ് താരം ആദം വാർട്ടണിന്റെ പേരാണ് കെയ്ൻ പറഞ്ഞത്. പരിശീലന ക്യാംപുകളിൽ ആവേശകരമായ പ്രകടനം നടത്തുന്നതാരെന്നായിരുന്നു മറ്റൊരു ചോദ്യം. ഇവിടെയും ജമാൽ മുസിയാല എന്നായിരുന്നു കെയ്നിന്റെ ഉത്തരം. കരിയറിലെ ഏറ്റവും മികച്ച ​ഗോളായി കരുതുന്നത് കഴിഞ്ഞ ബുന്ദസ്‍ലീ​ഗ സീസണിൽ ബയേണിന് വേണ്ടി ഡാർംസ്റ്റാഡിനെതിരെ വലചലിപ്പിച്ചതാണെന്ന് കെയ്ൻ പ്രതികരിച്ചു. എന്നാൽ കരിയറിൽ ഏറ്റവും ഇഷ്ടപ്പെട്ട ​ഗോൾ ഏതാണെന്ന ചോദ്യത്തിന് ഇം​ഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ നേടിയ ​ഗോളാണ് എന്നായിരുന്നു കെയ്നിന്റെ പ്രതികരണം.

2015ൽ അന്താരാഷ്ട്ര ഫുട്ബോളിലേക്ക് കടന്നുവന്ന ഹാരി കെയ്ൻ ലിത്വാനിയയ്ക്കെതിരായ മത്സരത്തിൽ വെയ്ൻ റൂണിക്ക് പകരക്കാരനായി അവസാന 20 മിനിറ്റ് കളത്തിലിറങ്ങി. 79 സെക്കന്റിൽ മൂന്ന് ടച്ചുകൊണ്ട് മാത്രം ഹാരി കെയ്ൻ തന്റെ ആദ്യ അന്താരാഷ്ട്ര ​ഗോൾ പൂർത്തിയാക്കിയിരുന്നു.

Content Highlights: Harry Kane names best footballer of the world

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us