ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്നും നെയ്മർ തിരികെയെത്തിയ മത്സരത്തിൽ ഗോൾ മഴ. എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ നെയ്മറിന്റെ അൽ ഹിലാൽ നാലിനെതിരെ അഞ്ചുഗോളുകൾക്കാണ് വിജയിച്ചത്. ഇരു ടീമിലെയും ഒരോ താരങ്ങൾ ഹാട്രിക്ക് നേടുകയും ചെയ്തു. അൽ ഹിലാലിന് വേണ്ടി സൗദി താരം അൽ ദവ്സാരി ഹാട്രിക്ക് നേടിയപ്പോൾ അൽ ഐനിന് വേണ്ടി മൊറോക്കൻ തരാം സൗഫിയാൻ റഹിമിയാണ് ഹാട്രിക്ക് നേടിയത്.
26-ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിന്റെ അസിസ്റ്റിൽ നിന്നും റെനാൻ ലോഡി അൽ ഹിലാലിനെ മുന്നിലെത്തിച്ചതോട് കൂടിയാണ് ഗോൾ മഴ ആരംഭിക്കുന്നത്. 39-ാം മിനിറ്റിൽ എറിക്കിന്റെ അസിസ്റ്റിൽ സൗഫിയാൻ റഹിമി അൽ ഐനിന് വേണ്ടി സമനില പിടിച്ചു. എന്നാൽ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ 45+2-ാം മിനിറ്റിൽ സാവിച്ച് വീണ്ടും അൽ ഹിലാലിനെ മുന്നിലെത്തിച്ചു. തുടർന്ന് മൂന്ന് മിനിറ്റിന് ശേഷം അൽ ദവ്സാരി കൂടി ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-1 ലെത്തി.
എന്നാൽ രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ സനാബ്രിയയുടെ ഗോളിൽ അൽ ഐൻ ലീഡ് ചുരുക്കി 3-2 ലെത്തിച്ചു. എന്നാൽ അൽ ദവ്സാരി തന്റെ രണ്ടാം ഗോൾ കണ്ടെത്തി അൽ ഹിലാലിനെ വീണ്ടും രണ്ട് ഗോൾ ലീഡിലെത്തിച്ചു, സ്കോർ 4 -2. 67-ാം മിനിറ്റിൽ റഹീമി രണ്ടാം ഗോളിലൂടെ അൽ ഐനെ 4 -3 ലെത്തിച്ചു. 75-ാം മിനിറ്റിൽ അൽ ദവ് സാരി ഹാട്രിക്ക് പൂർത്തിയാക്കിയതോടെ സ്കോർ 5-3 ആയി. ശേഷം 90+6 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി അൽ ഐനിന്റെ റഹിമി കൂടി ഹാട്രിക്ക് കണ്ടെത്തിയതോടെ സ്കോർ 5-4 ലവസാനിച്ചു. അതേസമയം മത്സരത്തിന്റെ 77-ാം മിനിറ്റിൽ പകരക്കാരനായാണ് നെയ്മർ അൽ ഹിലാലിനായി കളത്തിലിറങ്ങിയത്.
Content Highlights: Neymar makes Al Hilal return after 12-month injury layoff