യുവേഫ ചാംപ്യൻസ് ലീഗിൽ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ട്. ചെക്ക് റിപ്പബ്ലിക്കൻ ക്ലബായ എസി സ്പാർട്ട പ്രാഗിനെതിരെ സിറ്റി സ്ട്രൈക്കർ ഹാലണ്ട് നേടിയ ഒരു ഗോളാണ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചത്. മത്സരത്തിന്റെ 58-ാം മിനിറ്റിൽ ബ്രസീലിയൻ താരം സാവിഞ്ഞോ നൽകിയ ക്രോസ് ഒരു ബാക്ഹീൽ വോളിയിലൂടെ ഹാലണ്ട് ഗോളാക്കി മാറ്റി. സാവിഞ്ഞോയുടെ ക്രോസ് ഏകദേശം 20 അടിയോളം ഉയരത്തിലാണ് വന്നത്. അന്തരീഷത്തിൽ ഉയർന്ന് ചാടിയാണ് ഹാലണ്ട് തന്റെ ഇടംകാലിന്റെ ഉപ്പൂറ്റികൊണ്ട് പന്ത് തട്ടി വലയിലാക്കിയത്.
Out of this world! 🌎
— Manchester City (@ManCity) October 23, 2024
🤯 @ErlingHaaland pic.twitter.com/zkDoUdPCCm
ഹാലണ്ടിന്റെ ഗോൾ കണ്ട മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള 'അയാളൊരു മനുഷ്യനല്ല' എന്ന് പ്രതികരിച്ചു. ഹാലണ്ട് സ്വീഡീഷ് മുൻ ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെപ്പോലെയാണ്. അവിശ്വസനീയമായ കഴിവാണ് ഹാലണ്ടിനുള്ളതെന്നും ഗ്വാർഡിയോള വ്യക്തമാക്കി. അത്തരമൊരു ഗോളിന് ശ്രമിച്ചാൽ തന്റെ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി സഹതാരം ഫിൽ ഫോഡന്റെ പ്രതികരണം. ഹാലണ്ട് എങ്ങനെ ആ ഗോൾ നേടിയെന്ന് എനിക്ക് അറിയില്ല. മറ്റാർക്കും ഇല്ലാത്ത കഴിവുകൾ ഹാലണ്ടിന് ഉണ്ടെന്നും ഫിൽ ഫോഡൻ വ്യക്തമാക്കി.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി എർലിങ് ഹാലണ്ട് ഇരട്ട ഗോൾ നേടി. ഫിൽ ഫോഡൻ, ജോൺ സ്റ്റോൺസ്, മാത്തിയസ് ന്യൂനസ് എന്നിവർ ഓരോ തവണയും വലചലിപ്പിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലീഷ് ചാംപ്യന്മാർ സ്പാർട്ട പ്രാഗിനെ പരാജയപ്പെടുത്തിയത്.
Content Highlights: Erling Haaland scored an outrageous backheel volley in UCL