യുവേഫ ചാംപ്യൻസ് ലീഗിൽ ബയേൺ മ്യൂണികിനെ തകർത്തെറിഞ്ഞ് ബാഴ്സലോണ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ബ്രസീൽ താരം റാഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്സ ജർമ്മൻ കരുത്തരെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്സ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 45, 56 മിനിറ്റുകളിൽ റാഫീഞ്ഞ രണ്ട് തവണ കൂടി വലചലിപ്പിച്ചു. 36-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ മറ്റൊരു ഗോൾ നേടിയത്. ബയേൺ മ്യൂണികിനായി ഹാരി കെയ്ൻ 18-ാം മിനിറ്റിൽ വലചലിപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബായ ലില്ലീ ഒളിപിക്വെ സ്പോർട്ടിങ് ക്ലബ് സ്പാനിഷ് വമ്പന്മാരായ അത്‍ലറ്റികോ ഡി മാഡ്രിഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്‍ലറ്റികോയുടെ പരാജയം. ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ചെക്ക് റിപ്പബ്ലിക്കൻ ക്ലബായ എസി സ്പാർട്ട പ്രാഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്തു. സിറ്റിക്കായി എർലിങ് ഹാലണ്ട് ഇരട്ട ഗോൾ നേടി. ഫിൽ ഫോഡൻ, ജോൺ സ്റ്റോൺസ്, മാത്തിയസ് ന്യൂനസ് എന്നിവർ ഓരോ തവണയും വലചലിപ്പിച്ചു.
സ്വിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും വിജയം ആഘോഷിച്ചു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിൽ ഫ്രഞ്ച് താരം മാർകസ് തുറാമാണ് ഇന്ററിനായി ഗോൾ നേടിയത്. പോർച്ചുഗീസ് ക്ലബ് ബെൻഫീക്ക നെതർലാൻഡ്സ് ക്ലബ് ഫെയ്നൂർദിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു.
Content Highlights: FC Barcelona hammered FC Bayern Munich, Atletico de Madrid faced severe defeat in UCL