ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കുപിളര്‍ത്തി എഡ്ഗര്‍ മെന്‍ഡസ്; കൊച്ചിയില്‍ ബെംഗളൂരുവിന് വിജയം

ഇരട്ടഗോളുമായി തിളങ്ങിയ എഡ്ഗര്‍ മെന്‍ഡസാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ ബെംഗളൂരു വീഴ്ത്തിയത്. ആദ്യപകുതിയില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഹോര്‍ഹെ പെരേര ഡയസും രണ്ടാം പകുതിയില്‍ ഇരട്ടഗോളുമായി തിളങ്ങിയ എഡ്ഗര്‍ മെന്‍ഡസുമാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്. ആദ്യപകുതിയില്‍ ജീസസ് ജിമിനസ് നേടിയ പെനാല്‍റ്റി ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ മാത്രമായി മാറി.

കൊച്ചിയില്‍ നിറഞ്ഞുകവിഞ്ഞ മഞ്ഞക്കടലിനെ നിശബ്ദമാക്കി ബെംഗളൂരുവാണ് ആദ്യം ഗോളടിച്ചത്. പ്രീതം കോട്ടാലിന്റെ പിഴവ് മുതലെടുത്ത് മുന്‍ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസാണ് ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചത്. പ്രീതത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത ഡയസ് ഗോള്‍കീപ്പര്‍ സോംകുമാറിനെ ചിപ് ചെയ്ത് വലകുലുക്കുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. 10-ാം മിനിറ്റില്‍ ജിമിനസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തുപോയി. തൊട്ടുപിന്നാലെ ക്വാമെ പെപ്രയുടെ ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ തടയുകയും ചെയ്തു. 30-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലൂണ ഗോളിന് തൊട്ടടുത്തെത്തി. പെനാല്‍റ്റി ബോക്സിന് തൊട്ടുവെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ബാര്‍പോസ്റ്റിനെ തൊട്ടുരുമ്മിപോയി. 44-ാം മിനിറ്റില്‍ മത്സരത്തിന്റെ ഗതി മാറി. ബെംഗളൂരു ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ ക്വാമെ പെപ്രയെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി കിക്കെടുത്ത ജിമിനസ് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.

സീസണില്‍ ആദ്യമായാണ് ബെംഗളൂരുവിന്റെ വലകുലുങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോല്‍വിയും ഗോളും വഴങ്ങാതെയായിരുന്നു ബെംഗളൂരു ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ജിമിനസിന്റെ ഗോളോടെ ബെംഗളൂരുവിന്റെ ക്ലീന്‍ഷീറ്റ് അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിജയഗോളിന് വേണ്ടി പരിശ്രമിക്കുന്നതിനിടയില്‍ മഞ്ഞപ്പടയെ വീണ്ടും നിശബ്ദമാക്കി ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുങ്ങി. പകരക്കാരനായി ഇറങ്ങിയ എഡ്ഗാര്‍ മെന്‍ഡസ് 74-ാം മിനിറ്റില്‍ ബെംഗളൂരുവിന് വീണ്ടും ലീഡ് സമ്മാനിച്ചത്. ഇത്തവണ ഗോള്‍കീപ്പര്‍ സോം കുമാറിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്. ആല്‍ബര്‍ട്ടോ നൊഗുവേരയെടുത്ത ഫ്രീകിക്ക് അനായാസം കൈപ്പിടിയിലാക്കാമെന്ന് കരുതിയ സോം കുമാറിന് പിഴച്ചു. താരത്തിന്റെ കൈയില്‍ നിന്ന് വഴുതിയ പന്ത് തൊട്ടുമുന്നിലുണ്ടായിരുന്ന എഡ്ഗര്‍ മെന്‍ഡെസ് അനായാസം വലയിലാക്കി.

സമനില ഗോളിന് വേണ്ടി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരുന്നു. അവസാന നിമിഷം വരെ ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 'ക്ലൈമാക്‌സ്' മറ്റൊന്നായിരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ച ലോങ് ബോള്‍ അനായാസം വലയിലെത്തിച്ച് മെന്‍ഡെസ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം പൂര്‍ത്തിയാക്കി.

ബ്ലാസ്റ്റേഴ്‌സിനെതിരായ വിജയത്തോടെ സീസണിലെ അപരാജിത കുതിപ്പ് തുടരുകയാണ് ബെംഗളൂരു എഫ്‌സി. ആറ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് സുനില്‍ ഛേത്രിയും സംഘവും. ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാമതാണ്. രണ്ട് വിജയവും രണ്ട് പരാജയവും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.

Content Highlights: ISL 2024-25: Bengaluru FC beats Kerala Blasters in Southern Derby

dot image
To advertise here,contact us
dot image