പ്രഥമ സൂപ്പർ ലീഗ് കേരളയുടെ സെമി പ്രവേശം സ്വപ്നം കണ്ട് തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചിയും ഇന്നു നേർക്കുനേർ. കൊച്ചിയിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോഴ്സ കൊച്ചി വിജയിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്തിന്റെ തട്ടകമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ 2-1 ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പൻസ്. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ടീം. അതേസമയം, കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫോഴ്സ കൊച്ചി കാലിക്കറ്റ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ 10 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനക്കാരാണ് കൊച്ചി.
ഇരു ടീമുകൾക്കും ഇനി രണ്ടു കളികൾ മാത്രം ബാക്കിയുള്ളപ്പോൾ ഓരോ പോയന്റും നിർണായകമാണ്. 16 പോയന്റുള്ള കോഴിക്കോട് എഫ്സി മാത്രമാണ് അവസാന നാലിൽ സ്ഥാനം ഉറപ്പിച്ച ഏക ടീം. 13 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുള്ള മലപ്പുറം എഫ്സിക്കും സെമി സാധ്യത ബാക്കിയുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള തൃശൂർ മാജിക്ക് എഫ്സി മാത്രമാണ് നിലവിൽ സെമി കാണാതെ പുറത്തായിട്ടുള്ളത്.
Content Highlights: super league kerala;Thiruvananthapuram Kombans FC-Forca Kochi FC