ജംഷഡ്പൂരിനെ ഗോള്‍മഴയില്‍ മുക്കി; ഐഎസ്എല്‍ ചരിത്രത്തില്‍ നോര്‍ത്ത് ഈസ്റ്റിന് റെക്കോര്‍ഡ് വിജയം

നോര്‍ത്ത് ഈസ്റ്റിന് വേണ്ടി അലെദ്ദീന്‍ അജറൈയും പാര്‍ത്ഥിബ് ഗൊഗോയ്‌യും ഇരട്ടഗോളുകള്‍ നേടി തിളങ്ങി

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ തങ്ങളുടെ എക്കാലത്തെയും വലിയ വിജയം കുറിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഇന്ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിലാണ് ഹൈലാന്‍ഡേഴ്‌സ് ചരിത്രവിജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ അഞ്ച് ഗോളുകളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജംഷഡ്പൂരിനെ തകര്‍ത്തത്.

നോര്‍ത്ത് ഈസ്റ്റിന് വേണ്ടി അലെദ്ദീന്‍ അജറൈയും പാര്‍ത്ഥിബ് ഗൊഗോയ്‌യും ഇരട്ടഗോളുകള്‍ നേടി തിളങ്ങി. മകാര്‍ട്ടണ്‍ ലൂയിസ് നിക്‌സണും ഹൈലാന്‍ഡേഴ്‌സിന് വേണ്ടി ലക്ഷ്യം കണ്ടു. ഒരു ഐഎസ്എല്‍ മത്സരത്തില്‍ ആദ്യമായാണ് നോര്‍ത്ത് ഈസ്റ്റ് അഞ്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നത്.

സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍വേട്ട ആരംഭിച്ചു. അലെദ്ദീന്‍ അജറൈയാണ് നോര്‍ത്ത് ഈസ്റ്റിന് ആദ്യ ഗോള്‍ സമ്മാനിക്കുന്നത്. 29-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ഡിഫന്‍ഡര്‍ സ്റ്റീഫന്‍ ഈസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത് വഴിത്തിരിവായി. ആദ്യപകുതിയുടെ നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ക്ക് മുന്‍പെ പാര്‍ത്ഥിബ് ഗൊഗോയ്‌യിലൂടെ ആതിഥേയര്‍ സ്‌കോര്‍ ഇരട്ടിയാക്കി.

രണ്ടാം പകുതിയില്‍ പാര്‍ത്ഥിബ് തന്നെ ഗോള്‍വേട്ട തുടര്‍ന്നു. 55-ാം മിനിറ്റിലാണ് പാര്‍ത്ഥിബ് തന്റെ രണ്ടാം ഗോളും നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാം ഗോളും കണ്ടെത്തിയത്. 82-ാം മിനിറ്റില് ലൂയിസ് നിക്‌സണും അക്കൗണ്ട് തുറന്നു. എട്ട് മിനിറ്റുകള്‍ക്ക് ശേഷം അലെദ്ദീന്‍ തന്റെ രണ്ടാം ഗോളും തികച്ചതോടെ നോര്‍ത്ത് ഈസ്റ്റിന് ഗംഭീര വിജയം ഉറപ്പിച്ചു.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ജംഷഡ്പൂര്‍. നാല് വിജയവും രണ്ട് പരാജയവുമാണ് ജംഷഡ്പൂരിനുള്ളത്. അതേസമയം എട്ട് പോയിന്റുമായി അഞ്ചാമതാണ് നോര്‍ത്ത് ഈസ്റ്റ്. രണ്ട് വിജയങ്ങളും രണ്ട് പരാജയങ്ങളും രണ്ട് സമനിലയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്.

Content Highlights: ISL 2024-25: NorthEast United secure record win over Jamshedpur FC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us