ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടതിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജർ മൈക്കൽ സ്റ്റാറെ. ഒരു ഫുട്ബോൾ മത്സരത്തിൽ പിഴവുകൾ സംഭവിക്കാമെന്നും എങ്കിലും മികവുകൾ ഇനിയും തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു.
'ഞാൻ കടുത്ത നിരാശയിലാണ്. ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ കളിച്ചു. മത്സരങ്ങളിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കും. എന്നാൽ അത് കൂടുതലായി സംഭവിക്കുകയാണ്. പ്രത്യേകിച്ചും ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവുകൊണ്ടാണ് സംഭവിച്ചത്. അതിന് ശേഷം ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി തിരിച്ചുവന്നു. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ലഭിച്ച ആ ഗോൾ ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ശക്തമായി പോരാടി. അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ബെംഗളൂരുവിന്റെ രണ്ടാം ഗോൾ പിറന്നതോടെ ബ്ലാസ്റ്റേഴ്സ് കടുത്ത പ്രതിരോധത്തിലായി', മൈക്കൽ സ്റ്റാറെ പ്രതികരിച്ചു.
'ബെംഗളൂരുവിന്റെ ആദ്യ രണ്ട് ഗോളുകളും പിറന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിലൂടെയായിരുന്നു. മൂന്നാമത് ഒരു ഗോൾ കൂടി പിറന്നതോടെ പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതൊക്കെയും ഫുട്ബോളിന്റെ ഭാഗമാണ്. എങ്കിലും മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം ഇനിയും തുടരുമെന്നാണ് പ്രതീക്ഷ', മൈക്കൽ സ്റ്റാറെ പറഞ്ഞു.
മത്സരത്തിലെ തെറ്റുകൾ ടീം മാനേജർ എന്ന നിലയിൽ തനിക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ ആരെയും കുറ്റപ്പെടുത്തില്ല. ബ്ലാസ്റ്റേഴ്സ് ഒരു ടീമാണ്. താരങ്ങൾ എല്ലാവരും പരസ്പരം സംസാരിക്കും. എല്ലാവരും പരസ്പരം പിന്തുണയ്ക്കും. ഇത്തരമൊരു സാഹചര്യത്തിൽ കുറ്റപ്പെടുത്താൻ എളുപ്പമാണ്. എങ്കിലും ആരാധകരുടെ പിന്തുണ ഇനിയും ബ്ലാസ്റ്റേഴ്സിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. മൈക്കൽ സ്റ്റാറെ വ്യക്തമാക്കി.
Content Highlights: Mikael Stahre after painful defeat to Bengaluru FC