ബെര്‍ണബ്യൂവില്‍ വിജയകാഹളമുയര്‍ത്തി ബാഴ്സലോണ; എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തു (4-0)

ഇരട്ടഗോളുകളുമായി തിളങ്ങിയ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ഹീറോ

dot image

ആരാധകര്‍ കാത്തിരുന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ബാഴ്‌സലോണ. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ക്ലാസിക് പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ ചിരവൈരികളെ തോല്‍പ്പിച്ചത്. ഇരട്ടഗോളുകളുമായി തിളങ്ങിയ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ഹീറോ. കൗമാരതാരം ലാമിന്‍ യമാലും ബ്രസീല്‍ താരം റാഫീഞ്ഞയും ഓരോ ഗോള്‍ വീതം നേടി.

ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് ഇറങ്ങിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. റയലിന് വേണ്ടി എംബാപ്പെ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല.

സ്വന്തം തട്ടകത്തില്‍ നടന്ന കളിയുടെ 30-ാം മുപ്പതാം മിനിറ്റിലായിരുന്നു എംബാപ്പെയിലൂടെ റയല്‍ മാഡ്രിഡ് വലകുലുക്കിയത്. ലൂക്കാസ് വാസ്‌ക്വസില്‍ നിന്ന് പാസ് സ്വീകരിച്ച് എംബാപ്പെ തൊടുത്ത ഷോട്ട് വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോളല്ലെന്ന് വ്യക്തമായി. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു.

രണ്ടാം പകുതിയിലെ മിന്നും പ്രകടനമാണ് ലാ ലിഗയില്‍ മുന്നേറുന്നതിന് ബാഴ്‌സലോണയ്ക്ക് തുണയായത്. 54-ാം മിനിറ്റില്‍ ബാഴ്‌സലോണ ലീഡെടുത്തു. മാര്‍ക് കസാഡോ നല്‍കിയ കിടിലന്‍ ത്രൂ ബോള്‍ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ ലെവന്‍ഡോവ്സ്‌കി വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെര്‍ണബ്യൂവിനെ നിശബ്ദമാക്കി ബാഴ്‌സയുടെ രണ്ടാം ഗോളെത്തി. ഹെഡറിലൂടെ ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് ബാഴ്‌സയുടെ സ്‌കോര്‍ ഇരട്ടിയാക്കിയത്.

റയല്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടരവേ ബാഴ്‌സ മൂന്നാം തവണയും വല കുലുക്കി. 77-ാം മിനിറ്റില്‍ യമാലിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. എന്നാല്‍ ബാഴ്‌സ ഗോളടി നിര്‍ത്താന്‍ തയ്യാറായില്ല. റയലിന്റെ പതനം സമ്പൂര്‍ണമാക്കി റാഫീഞ്ഞയും 84-ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. പിന്നീട് റയല്‍ പ്രതിരോധത്തിലൂന്നിയതോടെ ആധികാരികമായ നാല് ഗോളുകളോടെ ബാഴ്‌സ ആവേശവിജയം സ്വന്തമാക്കി.

പരാജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സയ്‌ക്കൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് റയല്‍ കളഞ്ഞുകുളിച്ചത്. നിലവില്‍ 11 മത്സരങ്ങളില്‍ 24 പോയിന്റുമായി രണ്ടാമതാണ് റയല്‍. അതേസമയം 30 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സ.

Content Highlights: Barcelona thrash Real Madrid 4-0 at Bernabeu helped by Lewandowski double

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us