ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെ പരാജയപ്പെടുത്തി ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. 18-ാം മിനിറ്റിൽ നിക്കോളാസ് ജാക്സണും 47-ാം മിനിറ്റിൽ കോൾ പാൾമറും ബ്ലൂസിനായി ഗോളുകൾ നേടി. 32-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കാണ് ന്യൂകാസിലിനായി ഏക ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം. 74-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ക്രിസെൻസിയോ സമ്മർവില്ലെയുടെ ഗോളിൽ വെസ്റ്റ് ഹാം മുന്നിലെത്തി. 81-ാം മിനിറ്റിൽ കാസിമിറോയുടെ ഗോളിൽ യുണൈറ്റഡ് തിരിച്ചടിച്ചു. എങ്കിലും രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ജറോഡ് ബോവനിലൂടെ വെസ്റ്റ് ഹാം വിജയം സ്വന്തമാക്കി. വേറൊരു മത്സരത്തിൽ ടോട്ടനത്തെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ജീൻ ഫിലിപ്പെ മറ്റേറ്റയാണ് ക്രിസ്റ്റൽ പാലസിനായി വലചലിപ്പിച്ചത്.
വെസ്റ്റ് ഹാമിനെതിരായ തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ 14-ാം സ്ഥാനത്തായി. ഒമ്പത് മത്സരങ്ങളിൽ നിന്നായി മൂന്ന് ജയവും രണ്ട് തോൽവിയും നാല് പരാജയവുമാണ് യുണൈറ്റഡ് സംഘത്തിനുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് ജയവും രണ്ട് വീതം തോൽവിയും സമനിലയുമുള്ള ചെൽസി അഞ്ചാം സ്ഥാനത്താണ്.
Content Highlights: Chelsea won, Manchester United suffers another defeat in EPL