ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ദ്യോർ ഇത്തവണ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്കെന്ന് സൂചന. പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തവണ പുരസ്കാരം റോഡ്രിക്കെന്ന അഭ്യൂഹങ്ങൾ പുറത്ത് വരുന്നത്. നേരത്തെ റയൽ മഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയറിനാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത്. വിനീഷ്യസും മറ്റു റയൽ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനായി പാരീസിലേക്ക് പോകുന്നില്ലെന്ന റിപ്പോർട്ടാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.
പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം എക്‌സിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.അതേ സമയം ബാലൺ ദ്യോർ പുരസ്‌കാര ജേതാവായി വിനീഷ്യസിനെ പരിഗണിച്ചില്ലെങ്കിൽ അത് എന്ത് കൊണ്ടാണെന്നും പല ഫുട്ബോൾ നിരീക്ഷകർ ഇപ്പോൾ തന്നെ ചോദിക്കുന്നുണ്ട്.
2003ന് ശേഷം ഇതാദ്യമായാണ് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയും പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംപിടിക്കാത്ത അന്തിമ പട്ടിക പുറത്ത് വരുന്നത്. മെസ്സി എട്ടു തവണ പുരസ്കാരം നേടി റെക്കോർഡിട്ടപ്പോൾ റൊണാൾഡോ അഞ്ചു തവണ പുരസ്കാര നേട്ടത്തിലെത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡ്, റയലിന്റെ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം, ബാഴ്സലോണയുടെ സ്പാനിഷ് കൗമാരതാരം ലാമിൻ യമാൽ, റയലിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ തുടങ്ങിയവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് പ്രധാന താരങ്ങൾ.
Content Highlights: Ballon d’Or 2024