ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആണ് ആഴ്സണൽ- ലിവർപൂൾ മത്സരം സമനിലയിൽ. ആഴ്സണലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. ബുക്കായോ സാക്കയും മൈക്കൽ മെറീനോയും ഗണ്ണേഴ്സിനായി ഗോളുകൾ നേടി. വിർജിൽ വാൻഡെയ്കും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി വലചലിപ്പിച്ചത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആഴ്സണൽ മുന്നിലെത്തി. പ്രതിരോധ താരം ബെൻ വൈറ്റ് നൽകിയ ലോങ് പാസ് സ്വീകരിച്ച സാക്ക ലിവർപൂൾ പ്രതിരോധ താരം ആൻഡ്രൂ റോബർട്ടിനെ വിദഗ്ധമായി മറികടന്ന് ഒരു ഇടംകാൽ ഷോട്ടിലൂടെ വലയിലാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനായി വേഗത്തിൽ 50 ഗോളെന്ന റെക്കോർഡും സാക്ക സ്വന്തമാക്കി. എന്നാൽ ആഴ്സണലിന്റെ ലീഡ് അധികസമയം നീണ്ടില്ല. 18-ാം മിനിറ്റിൽ ലിവർപൂൾ നായകൻ വിർജിൽ വാൻഡെയ്ക് സമനില പിടിച്ചു. ട്രെന്റ് അലക്സാണ്ടർ അർണോൾഡ് എടുത്ത കോർണർ കിക്കിൽ ലൂയിസ് ഡയസിന്റെ ഹെഡർ ശ്രമത്തിന് പിന്നാലെ വാൻഡെയ്കിന്റെ ഷോട്ടിലൂടെ വലചലിച്ചു.
ആദ്യ പകുതിക്ക് പിരിയും മുമ്പെ ഗണ്ണേഴ്സ് വീണ്ടും മുന്നിലെത്തി. 43-ാം മിനിറ്റിൽ ഡെക്ലാൻ റൈസിന്റെ ഫ്രീക്വിക്ക് തകർപ്പൻ ഹെഡറിലൂടെ മൈക്കൽ മെറീനോ വലയിലാക്കി. രണ്ടാം പകുതിയിൽ 81-ാം മിനിറ്റിലാണ് ലിവർപൂൾ സമനില പിടിക്കുന്നത്. ഡാർവിൻ ന്യൂനസ് ഡി ബോക്സിനുള്ളിൽ നൽകിയ പാസ് അനായാസം മുഹമ്മദ് സലാ വലയിലാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിന് 18 പോയിന്റാണുള്ളത്. ആസ്റ്റൺ വില്ല നാലാമതും ചെൽസി അഞ്ചാം സ്ഥാനത്തുമുണ്ട്.
Content Highlights: Mohamed Salah's late equaliser gave Liverpool a point against Premier League title rivals Arsenal