ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ദ്യോർ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നേരത്തെ റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നതെങ്കിലും ഒടുവിലെ മണിക്കൂറിലേക്കെത്തുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്കാണ് ഇത്തവണ ബാലൺ ദ്യോർ എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിനീഷ്യസും മറ്റു റയൽ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനായി പാരീസിലേക്ക് പോകുന്നില്ലെന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നുണ്ട്.
ഇരുവരും കളിക്കുന്നത് വ്യത്യസ്ത പൊസിഷനുകളായത് കൊണ്ട് തന്നെ നേരിട്ടൊരു താരതമ്യം ബുദ്ധിമുട്ടാണ്. എങ്കിലും കഴിഞ്ഞ സീസണിലെ ചില കണക്കുകളിലേക്ക് നോക്കാം. ഗോൾ എണ്ണത്തിൽ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയർ തന്നെയാണ് മുന്നിൽ. 49 മത്സരങ്ങളിൽ നിന്ന് 26 ഗോളാണ് ബ്രസീലിയൻ താരം നേടിയിട്ടുള്ളത്. 63 മത്സരങ്ങളിൽ നിന്ന് 12 ഗോളാണ് റോഡ്രി നേടിയത്. റോഡ്രി 14 അസിസ്റ്റുകൾ നൽകിയപ്പോൾ വിനീഷ്യസ് 11 അസിസ്റ്റുകൾ നൽകി. വിനീഷ്യസ് 130 ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയപ്പോൾ 66 ഡ്രിബിളുകളാണ് റോഡ്രി പൂർത്തിയാക്കിയത്. പാസ് കൃത്യതയിൽ 93 ശതമാനവുമായി റോഡ്രി മുന്നിൽ നിൽക്കുമ്പോൾ വിനീഷ്യസിന്റെ പാസ് കൃത്യത 78 ശതമാനമാണ്.
റയൽ മാഡ്രിഡിനൊപ്പം ലാലിഗ കിരീടം, ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവയാണ് വിനീഷ്യസ് നേടിയത്. ചാമ്പ്യൻസ് ലീഗിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റും വിനീഷ്യസായിരുന്നു. പ്രീമിയർ ലീഗ്, സൂപ്പർ കപ്പ് കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം റോഡ്രി നേടിയത്. ദേശീയ ടീമിനായി യൂറോ കിരീടം നേടി കൊടുക്കാനായി എന്നതാണ് റോഡ്രിയുടെ ബോണസ് പോയിന്റ്. സ്പെയിൻ ഇടവേളയ്ക്ക് ശേഷം നേടിയ ഈ യൂറോയിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും റോഡ്രിയായിരുന്നു.
Content Highlights: Rodri vs Vini jr Ballon d'or stats comparison