ആർക്കാണ് ബലോൻ ദ് ഓർ എന്നറിയാൻ റയൽ സമ്മർദ്ദം ചെലുത്തി: വിനീഷ്യസിന് തിരിച്ചടിയായത് 'കണക്കിലെ കളി'യെന്ന് സംഘാടകർ

റയൽ മാഡ്രിഡ് താരങ്ങളും ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധം അറിയിച്ചിരുന്നു

dot image

ബലോൻ ദ് ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് പുരസ്‌കാരത്തിന്റെ സംഘാടകര്‍. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന് പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത്തവണത്തെ ബലോൻ ദ് ഓർ പുരസ്കാരം നേടുമെന്ന് പ്രമുഖ ഫുട്ബോൾ അനലിസ്റ്റുകൾ പ്രവചിക്കുകയും ആരാധകർ ഉറച്ചുവിശ്വസിക്കുകയും ചെയ്ത വിനി തഴയപ്പെട്ടതാണ് വിവാ​ദങ്ങൾക്ക് വഴിവെച്ചത്.

സാഹചര്യത്തിലാണ് അവാർഡിൻ്റെ ചുമതലയുള്ള ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ ചീഫ് എഡിറ്റർ വിൻസെന്റ് ഗാർഷ്യ പ്രതികരണവുമായി രം​ഗത്തെത്തിയത്. 'നോമിനേഷനിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ജൂഡ് ബെല്ലിങ്ഹാമിന്റെയും ഡാനി കാര്‍വഹാലിന്റെയും സാന്നിധ്യം ​ഗണിതശാസ്ത്രപരമായി വിനിക്ക് തിരിച്ചടിയായി. കണക്കുകള്‍ പ്രകാരം വിനിക്ക് പോയിന്റുകള്‍ കുറയുന്നതിന് ഇത് കാരണമായി. സീസണില്‍ റയലിന്റെ പ്രകടനത്തിനുള്ള പോയിന്റ് മൂന്ന് പേര്‍ക്കുമായി വീതിക്കുകയാണ് ചെയ്തത്. ഇത് റോഡ്രിക്ക് ഗുണം ചെയ്തു', വിൻസെന്റ് വ്യക്തമാക്കി.

ആരാധകരുടെ പ്രതിഷേധത്തിനൊപ്പം റയൽ മാഡ്രിഡ് താരങ്ങളും ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ നിന്ന് വിട്ട് നിന്നും പ്രതിഷേധം അറിയിച്ചിരുന്നു. ഈ സംഭവത്തിലും ഗാർഷ്യ വിശദീകരണം നൽകി. വിനീഷ്യസ് പുരസ്കാരം നേടിയോ എന്നറിയാൻ റയലിൽ നിന്ന് തനിക്കുമേൽ സമ്മർദ്ദമുണ്ടായിരുന്നതായി ഗാർഷ്യ പറഞ്ഞു. എന്നാൽ ആരാണ് ജേതാവെന്ന കാര്യം പുറത്തുപറഞ്ഞിട്ടില്ല. ഒരുപക്ഷെ റയലിന് വിനിയല്ല പുരസ്കാര ജേതാവെന്ന് സൂചന ലഭിച്ചിട്ടുണ്ടാകാം. അതുകൊണ്ടാകാം റയൽ താരങ്ങൾ ചടങ്ങിനെത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചയോടെയാണ് ലോകഫുട്ബോളിലെ മികച്ച താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാര ജേതാവായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ പ്രഖ്യാപിച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡറായ റോഡ്രി​ യൂറോ കപ്പിൽ സ്പെയ്നിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. യൂറോ കപ്പ് ടൂർണമെന്റിലെ മികച്ച താരവും റോഡ്രിയായിരുന്നു. 2023-24 സീസണിൽ തുടർച്ചയായ നാലാം തവണയും ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റി ചാംപ്യന്മാരായിരുന്നു. നാല് തവണയും സിറ്റിയെ ജേതാക്കളാക്കുന്നതിൽ റോഡ്രിയുടെ പ്രകടനം നിർണായകമായിരുന്നു.

റയൽ മാഡ്രിഡിനൊപ്പം ലാ ലീ​ഗ, ചാംപ്യൻസ് ലീ​ഗ്, സൂപ്പർ കോപ്പ തുടങ്ങിയവയാണ് വിനീഷ്യസിന്റെ നേട്ടം. കഴിഞ്ഞ സീസണിൽ എല്ലാ ലീ​ഗുകളിൽ നിന്നുമായി 26 ​ഗോളുകളും 12 അസിസ്റ്റുകളും വിനീഷ്യസിന്റെ പേരിലുണ്ട്. എന്നാൽ ഫ്രഞ്ച് മാ​ഗസീനായ ഫ്രാൻസ് ഫുട്ബോളിന്റെ റാങ്കിങ്ങിൽ വിനിഷ്യസിനെ മറികടന്ന് സ്പാനിഷ് താരം ബലോൻ ദ് ഓർ ജേതാവ് ആകുകയായിരുന്നു. പുരസ്കാരം നഷ്ടപ്പെടുമെന്ന് നേരത്തെ സൂചന ലഭിച്ചതിനാൽ വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ് താരങ്ങളും ബലോൻ ദ് ഓർ ചടങ്ങിനെത്തിയില്ല.

Contnet Highlights: Ballon d'Or organisers break silence on why Vinicius Jr lost out on Ballon d'Or and his boycott

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us