'എല്ലാവർക്കും അഭിനന്ദനങ്ങൾ, പ്രത്യേകിച്ചും മാർട്ടിനെസിന്'; ബലോൻ ദ് ഓർ വിജയികളെ പ്രശംസിച്ച് ലയണൽ മെസ്സി

ബലോൻ ദ് ഓർ ഉൾപ്പടെയുള്ള പുരസ്കാര വിജയികൾക്ക് അഭിനന്ദനവുമായി മെസ്സി

dot image

ഫ്രാൻസ് ഫുട്ബോളിന്റെ ബലോൻ ദ് ഓർ ഉൾപ്പടെയുള്ള പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിജയികളെ അഭിനന്ദിച്ച് അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി. 'ബലോൻ ദ് ഓർ വിജയികൾക്കും നാമനിർദ്ദേശം ലഭിച്ചവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ചും എമിലിയാനോ മാർട്ടിനെസിന് അഭിനന്ദനങ്ങൾ. ലോക ഫുട്ബോളിലെ മികച്ച ​ഗോൾ കീപ്പർ പുരസ്കാരം വീണ്ടും എമിലിയാനോയ്ക്ക് ലഭിച്ചിരിക്കുന്നു. ലൗത്താരോ മാർട്ടിനെസിനും ലിയോണൽ സ്കെലോണിക്കും അലെജാൻഡ്രോ ഗർനാച്ചോക്കും അഭിനന്ദനങ്ങൾ'- ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ന് പുലർച്ചയോടെയാണ് ലോകഫുട്ബോളിലെ മികച്ച താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ലോകഫുട്ബോളിലെ മികച്ച താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. അയ്താന ബോൺമതിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സിലോണയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്കു നൽകുന്ന കോപ്പ ട്രോഫി ആദ്യമായി 18 വയസിൽ താഴെ പ്രായമുള്ള യമാൽ സ്വന്തമാക്കി.

മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം ആസ്റ്റൺ വില്ലയുടെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനാണ് നേടാനായത്. കോപ അമേരിക്ക കിരീടം നിലനിർത്തുന്നതിൽ അർജന്റീനൻ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു എമിലിയാനോ മാർട്ടിനെസ്. തുടർച്ചയായ രണ്ടാം തവണയാണ് എമിലിയാനോ ലെവ് യാഷിൻ പുരസ്കാരം നേടിയത്.

മികച്ച സ്ട്രൈക്കർക്കുള്ള ​ഗേർഡ് മുള്ളർ പുരസ്കാരം രണ്ട് താരങ്ങൾ പങ്കിട്ടു. ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്ൻ, കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായും നിലവിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായും കളിക്കുന്ന ഫ്രാൻസ് താരം കിലിയൻ എംബപ്പെ എന്നിവരാണ് മികച്ച സ്ട്രൈക്കർമാർ.

പുരുഷ ഫുട്ബോളിൽ മികച്ച പരിശീലകനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. വനിത ഫുട്ബോളിലെ മികച്ച പരിശീലകയായി ചെൽസി, യുഎസ്എ ടീമുകളുടെ മാനേജർ എമ്മ ഹെയ്‌ൽസിനെ തിരഞ്ഞെടുത്തു. മികച്ച പുരുഷ ക്ലബിനുള്ള അവാർഡ് റയൽ മാഡ്രിഡും വനിത ക്ലബിനുള്ള പുരസ്കാരം ബാഴ്സലോണയും സ്വന്തമാക്കി.

Content Highlights: Lionel Messi congratulates Ballon d or award winners

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us