പാരിസ്: ലോക ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ പുരുഷവിഭാഗത്തിലെ ബാലൺ ദ്യോർ ഇത്തവണ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. പുരസ്കാരത്തിന് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന റയൽ മാഡ്രിഡിൻ്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറി പിന്തള്ളിയാണ് റോഡ്രി ബാലൺ ദ്യോറിനായി തിരഞ്ഞെടുത്തത്.
മികച്ച ക്ലബ്ബായി നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് തിരഞ്ഞെടുക്കപ്പെട്ടു. കാർലോ ആഞ്ചലോട്ടിയാണ് ഈ വർഷത്തെ മികച്ച കോച്ച്. സ്പെയ്നിൻ്റെ കൗമാരവിസ്മയം ലാമിൻ യമാലാണ് ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസിനാണ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം. ഹാരി കെയ്നും കിലിയൻ എംബാപ്പെയും സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്ക് നൽകുന്ന ഗ്രെഡ് മുള്ളർ പുരസ്കാരം പങ്കുവെച്ചു.
വനിതാ വിഭാഗത്തിൽ സ്പെയിനിൻ്റെ തന്നെ ഐറ്റാന ബോൻമതിയാണ് ബാലൺ ദ്യോറിന് അർഹയായത്. കഴിഞ്ഞ വർഷം സ്പെയ്നിൻ്റെ ലോകകിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഐറ്റാന ബോൻമതി. ചെൽസിയുടെ മുൻ കോച്ച് എമ്മാ ഹെയ്സാണ് ഏറ്റവും മികച്ച വനിതാ പരിശീലക. ബാഴ്സിലോണയാണ് മികച്ച വനിതാ ക്ലബ്ബ്.
2003ന് ശേഷം ഇതാദ്യമായാണ് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയും പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംപിടിക്കാത്ത അന്തിമ പട്ടിക പുറത്ത് വരുന്നത്. മെസ്സി എട്ടു തവണ പുരസ്കാരം നേടി റെക്കോർഡിട്ടപ്പോൾ റൊണാൾഡോ അഞ്ചു തവണ പുരസ്കാര നേട്ടത്തിലെത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡ്, റയലിന്റെ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം, ബാഴ്സലോണയുടെ സ്പാനിഷ് കൗമാരതാരം ലാമിൻ യമാൽ, റയലിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ തുടങ്ങിയവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് പ്രധാന താരങ്ങൾ.
✨ BACK. TO. BACK. ✨
— UEFA Women’s Champions League (@UWCL) October 28, 2024
🗣️ A message from @AitanaBonmati 😁#BallondOr || #UWCL pic.twitter.com/uQsnU3kHOX
ബാലൺ ദ്യോറിനായി അവസാനം വരെ റോഡ്രിയും വിനീഷ്യസ് ജൂനിയറും തമ്മിലായിരുന്നു പോരാട്ടം. 63 മത്സരങ്ങളിൽ നിന്ന് 12 ഗോളാണ് റോഡ്രി നേടിയത്. റോഡ്രി 14 അസിസ്റ്റുകൾ നൽകിയപ്പോൾ വിനീഷ്യസ് 11 അസിസ്റ്റുകൾ നൽകി. ഗോൾ എണ്ണത്തിൽ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയർ തന്നെയാണ് മുന്നിൽ. 49 മത്സരങ്ങളിൽ നിന്ന് 26 ഗോളാണ് ബ്രസീലിയൻ താരം നേടിയിട്ടുള്ളത്. വിനീഷ്യസ് 130 ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയപ്പോൾ 66 ഡ്രിബിളുകളാണ് റോഡ്രി പൂർത്തിയാക്കിയത്. പാസ് കൃത്യതയിൽ 93 ശതമാനവുമായി റോഡ്രി മുന്നിൽ നിൽക്കുമ്പോൾ വിനീഷ്യസിന്റെ പാസ് കൃത്യത 78 ശതമാനമാണ്.
റയൽ മാഡ്രിഡിനൊപ്പം ലാലിഗ കിരീടം, ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവയാണ് വിനീഷ്യസ് നേടിയത്. ചാമ്പ്യൻസ് ലീഗിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റും വിനീഷ്യസായിരുന്നു. പ്രീമിയർ ലീഗ്, സൂപ്പർ കപ്പ് കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം റോഡ്രി നേടിയത്. ദേശീയ ടീമിനായി യൂറോ കിരീടം നേടി കൊടുക്കാനായി എന്നതാണ് റോഡ്രിയുടെ ബോണസ് പോയിന്റ്. സ്പെയിൻ ഇടവേളയ്ക്ക് ശേഷം നേടിയ ഈ യൂറോയിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും റോഡ്രിയായിരുന്നു.
Content Highlights: Rodri Wins Men's Ballon d'Or, Aitana Gets Women's Title