ലോക ഫുട്ബോളിലെ മികച്ച താരത്തിനുള്ള അവാർഡിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ബ്രസീലിന്റെ റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ. എനിക്ക് കഴിയുമെങ്കിൽ ഞാൻ ഇത് 10 തവണ കൂടി ചെയ്യും. എങ്കിലും അവർ തയ്യാറല്ല. വിനീഷ്യസ് ജൂനിയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇനിയും തന്റെ മികവ് തുടരുമെന്നും എങ്കിലും ബലോൻ ദ് ഓർ തനിക്ക് നൽകാൻ ഫ്രാൻസ് ഫുട്ബോൾ തയ്യാറായേക്കില്ലെന്നുമാണ് ബ്രസീൽ താരം പറഞ്ഞതെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ന് പുലർച്ചയോടെയാണ് ലോകഫുട്ബോളിലെ മികച്ച താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയാണ് പുരസ്കാര ജേതാവായത്. ഡിഫൻസീവ് മിഡ്ഫീൽഡറായ റോഡ്രി യൂറോ കപ്പിൽ സ്പെയ്നിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. യൂറോ കപ്പ് ടൂർണമെന്റിലെ മികച്ച താരവും റോഡ്രിയായിരുന്നു. 2023-24 സീസണിൽ തുടർച്ചയായ നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ചാംപ്യന്മാരായിരുന്നു. നാല് തവണയും സിറ്റിയെ ജേതാക്കളാക്കുന്നതിൽ റോഡ്രിയുടെ പ്രകടനം നിർണായകമായിരുന്നു.
റയൽ മാഡ്രിഡിനൊപ്പം ലാ ലീഗ, ചാംപ്യൻസ് ലീഗ്, സൂപ്പർ കോപ്പ തുടങ്ങിയവയാണ് വിനീഷ്യസിന്റെ നേട്ടം. കഴിഞ്ഞ സീസണിൽ എല്ലാ ലീഗുകളിൽ നിന്നുമായി 26 ഗോളുകളും 12 അസിസ്റ്റുകളും വിനീഷ്യസിന്റെ പേരിലുണ്ട്. എന്നാൽ ഫ്രഞ്ച് മാഗസീനായ ഫ്രാൻസ് ഫുട്ബോളിന്റെ റാങ്കിങ്ങിൽ വിനിഷ്യസിനെ മറികടന്ന് സ്പാനിഷ് താരം ബലോൻ ദ് ഓർ ജേതാവ് ആകുകയായിരുന്നു. പുരസ്കാരം നഷ്ടപ്പെടുമെന്ന് നേരത്തെ സൂചന ലഭിച്ചതിനാൽ വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ് താരങ്ങളും ബലോൻ ദ് ഓർ ചടങ്ങിനെത്തിയില്ല.
Contnet Highlights: Vinicius Jr breaks his silence after missing out on Ballon d’Or