കരബാവോ കപ്പില്‍ വമ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ റൗണ്ട് ഓഫ് 16ല്‍ നേരിട്ട യുണൈറ്റഡ് രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ കാസമിറോയും ബ്രൂണോ ഫെര്‍ണാണ്ടസും ഇരട്ടഗോളുകള്‍ നേടി തിളങ്ങി. അലെജാന്‍ഡ്രോ ഗര്‍നാചോയും യുണൈറ്റഡിന് വേണ്ടി വലകുലുക്കി.
A feast of goals at Old Trafford! ⚽️#MUFC || #CarabaoCup
— Manchester United (@ManUtd) October 30, 2024
മുഖ്യപരിശീലക സ്ഥാനത്തുനിന്ന് എറിക് ടെന്‍ ഹാഗിനെ പുറത്താക്കിയതിന് പിന്നാലെ യുണൈറ്റഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ടെന്‍ ഹാഗിന്റെ അഭാവത്തില്‍ താല്‍ക്കാലിക പരിശീലകന്‍ റൂഡ് വാന്‍ നിസ്റ്റെല്‍റൂയിയുടെ കീഴിലായിരുന്നു ലെസ്റ്റര്‍ സിറ്റിക്കെതിരെ യുണൈറ്റഡ് ഇറങ്ങിയത്.
Fuud for the soul 🫶 pic.twitter.com/QCpiqqm6lr
— Manchester United (@ManUtd) October 30, 2024
ഓള്‍ഡ് ട്രഫോര്‍ഡില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച യുണൈറ്റഡ് 15-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കാസമിറോ ആണ് യുണൈറ്റഡിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 28-ാം മിനിറ്റില്‍ അലെജാന്‍ഡ്രോ ഗര്‍നാചോയിലൂടെ ആതിഥേയര്‍ ലീഡ് ഇരട്ടിയാക്കി. അഞ്ച് മിനിറ്റിനുള്ളില്‍ ലെസ്റ്റര്‍ സിറ്റി തിരിച്ചടിച്ചു. ബിലാല്‍ എല്‍ ഗന്നൗസ്സാണ് ലെസ്റ്റര്‍ സിറ്റിയുടെ ആദ്യഗോള്‍ നേടിയത്.
തൊട്ടുപിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിന്റെ ഗോള്‍വേട്ടയില്‍ പങ്കാളിയായി. 36-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് നേരിട്ട് വലയിലെത്തിച്ചാണ് ബ്രൂണോ സീസണിലെ തന്റെ ഗോള്‍ കണ്ടെത്തിയത്. 39-ാം മിനിറ്റില്‍ കാസമിറോ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ യുണൈറ്റഡ് കളി വരുതിയിലാക്കി. ആദ്യപകുതിയുടെ അധിക സമയത്ത് കോണോര്‍ കോഡിയിലൂടെ ലെസ്റ്റര്‍ സിറ്റി രണ്ടാം ഗോള്‍ തിരിച്ചടിച്ചു. 59-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തന്റെ രണ്ടാം ഗോളും നേടിയതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.
Content Highlights: EFL Cup: Manchester United beats Leicester City 5-2