ഇന്ത്യൻ ഫുട്ബോൾ മുൻ താരവും കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകനുമായിരുന്ന കെ കെ ഗോപാലകൃഷ്ണൻ അന്തരിച്ചു. 85-ാമത്തെ വയസിലാണ് അന്ത്യം. ഭാര്യ: എൻ രാജേശ്വരി, മക്കൾ: രാജേഷ്, ധന്യ. മരുമക്കൾ: നിഥിൻ, രൂപ.
1973ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ പരിശീലകനായിരുന്നു ഗോപാലകൃഷ്ണൻ. സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ താരമായി തിളങ്ങിയിരുന്നു. 1962 മുതൽ 68 വരെയുള്ള കാലഘട്ടത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു. 1965ൽ കേരള ഫുട്ബോളിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തി.
1963ലും 1965ലും ശ്രീലങ്കയിൽ വെച്ച് നടന്ന പെന്റാഗുലർ ടൂർണമെന്റിൽ കെ കെ ഗോപാലകൃഷ്ണൻ കേരളത്തെ പ്രതിനിധീകരിച്ചു. പിന്നാലെ ഇന്ത്യൻ ടീമിൽ നിന്ന് ക്ഷണം ലഭിച്ചു. 1968ലെ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. അതേ വർഷം കോഴിക്കോട് നടന്ന ഇന്ത്യ–ബർമ മത്സരത്തിലും കളിച്ചു. പിന്നാലെയാണ് പരിശീലകന്റെ റോളിലേക്ക് മാറുന്നത്. ഏറെക്കാലം വിവിധ ഫുട്ബോൾ ടീമുകളുടെ പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Contnet Highlights: Indian formar footballer KK Gopalakrishnan dies at 85