ജഴ്സിയൂരി ​ഗോൾ ആഘോഷം; ക്വാമെ പെപ്രയ്ക്ക് റെഡ് കാർഡ്

ക്വാമെ പെപ്ര സമനില സമ്മാനിച്ചിട്ടും മത്സരത്തിൽ വിജയം നേടാൻ കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ കേരളാ ബ്ലാസ്റ്റേഴ്സ് താരം ക്വാമെ പെപ്രയ്ക്ക് ചുവപ്പ് കാർഡ്. മത്സരത്തിന്റെ 72-ാം മിനിറ്റിലായിരുന്നു സംഭവം. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുന്നേറ്റത്തിനൊടുവിൽ ​ഗോൾവലയ്ക്ക് തൊട്ടുമുമ്പായി ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ നൽകിയ ക്രോസ് തകർപ്പൻ ​ഹെഡറിലൂടെ വലയിലാക്കിയാണ് പെപ്ര ​ഗോൾ നേടിയത്. ഒരു ഘട്ടത്തിൽ 2-0ത്തിന് മുന്നിൽ നിന്ന മുംബൈയ്ക്കെതിരെ 2-2ന് സമനില പിടിച്ചത് പെപ്രയുടെ ​ഗോളായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് ജഴ്സിയൂരി താരം ​ഗോൾ ആഘോഷിക്കാൻ താരം ശ്രമം നടത്തി. എന്നാൽ ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ പെപ്രയുടെ ജഴ്സി വലിച്ച് താഴേയ്ക്ക് ഇടുന്നുണ്ടായിരുന്നു. എന്നാൽ അമിതാവേശത്തിന് റഫറി ചുവപ്പ് കാർഡ് ഉയർത്തുകയും ചെയ്തു. പിന്നാലെ ബ്ലാസ്റ്റേഴ്സ് 10പേരായി ചുരുങ്ങി.

ക്വാമെ പെപ്ര സമനില സമ്മാനിച്ചിട്ടും മത്സരത്തിൽ വിജയം നേടാൻ കേരളാ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് നിലവിലെ ഐഎസ്എൽ ചാംപ്യന്മാരുടെ വിജയം. മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചതാണ്. എന്നാൽ ചാംപ്യന്മാരുടെ പോരാട്ടത്തിന് മുന്നിൽ മഞ്ഞപ്പട തോൽവി സമ്മതിച്ചു. മുംബൈയ്ക്കായി നിക്കോസ് കരേലിസ് ഇരട്ട ​ഗോൾ നേടി. നഥാൻ ആഷർ റോഡ്രിഗ്സും ലാലിയന്‍സുവാല ചങ്‌തെയുമാണ് മുംബൈയുടെ മറ്റ് ​ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനെസും ക്വാമെ പെപ്രയും ​വലചലിപ്പിച്ചു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. ചങ്‌തെയുടെ അസിസ്റ്റിൽ നിക്കോസ് കരേലിസ് ആണ് വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ വിഫലമായി. ഒരു ​ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ​ഗോൾമഴ പിറന്നത്. 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നിക്കോസ് കരേലിസ് വലയിലാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ആദ്യ ​ഗോൾ നേടി. പെനാൽറ്റിയിലൂടെ 57-ാം മിനിറ്റിൽ ജീസസ് ജിമെനെസ് ആണ് ബ്ലാസ്റ്റേഴ്സിനായി വലചലിപ്പിച്ചത്. 72-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ​ഗോളിൽ മഞ്ഞപ്പട സമനില പിടിച്ചതാണ്. എന്നാൽ ജഴ്സി ഊരി പെപ്ര ​ഗോൾ നേട്ടം ആഘോഷിച്ചതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ 75-ാം മിനിറ്റിൽ നഥാൻ ആഷർ റോഡ്രി​ഗ്സിന്റെ ​ഗോളിൽ മുംബൈ വീണ്ടും മുന്നിലെത്തി. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാലിയന്‍സുവാല ചങ്‌തെ വലയിലാക്കിയതോടെ 4-2ന്റെ വലിയ വിജയം മുംബൈ നേടി.

ഐഎസ്എൽ സീസണിൽ മുംബൈയുടെ രണ്ടാം വിജയം മാത്രമാണിത്. ആറ് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള മുംബൈ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം 10-ാമതാണ്.

Content Highlights: Kwame Peprah sent off after he receives a red card for removing his jersey while goal celebration

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us