മുംബൈ സിറ്റിയിൽ കൊമ്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്സ്; പോയിന്റ് ടേബിളിൽ താഴേയ്ക്ക്

ഐഎസ്എൽ സീസണിൽ മുംബൈയുടെ രണ്ടാം വിജയം മാത്രമാണിത്.

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റിക്കെതിരെ തകർന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് നിലവിലെ ഐഎസ്എൽ ചാംപ്യന്മാരുടെ വിജയം. മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചതാണ്. എന്നാൽ ചാംപ്യന്മാരുടെ പോരാട്ടത്തിന് മുന്നിൽ മഞ്ഞപ്പട തോൽവി സമ്മതിച്ചു. മുംബൈയ്ക്കായി നിക്കോസ് കരേലിസ് ഇരട്ട ​ഗോൾ നേടി. നഥാൻ ആഷർ റോഡ്രിഗ്സും ലാലിയന്‍സുവാല ചങ്‌തെയുമാണ് മുംബൈയുടെ മറ്റ് ​ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനെസും ക്വാമെ പെപ്രയും ​വലചലിപ്പിച്ചു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ മുംബൈ മുന്നിലെത്തി. ചങ്‌തെയുടെ അസിസ്റ്റിൽ നിക്കോസ് കരേലിസ് ആണ് വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ വിഫലമായി. ഒരു ​ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പികാൻ മുംബൈയ്ക്ക് കഴിഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ​ഗോൾമഴ പിറന്നത്. 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നിക്കോസ് കരേലിസ് വലയിലാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ആദ്യ ​ഗോൾ നേടി. പെനാൽറ്റിയിലൂടെ 57-ാം മിനിറ്റിൽ ജീസസ് ജിമെനെസ് ആണ് ബ്ലാസ്റ്റേഴ്സിനായി വലചലിപ്പിച്ചത്. 72-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ​ഗോളിൽ മഞ്ഞപ്പട സമനില പിടിച്ചതാണ്. എന്നാൽ ജഴ്സി ഊരി പെപ്ര ​ഗോൾ നേട്ടം ആഘോഷിച്ചതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ 75-ാം മിനിറ്റിൽ നഥാൻ ആഷർ റോഡ്രി​ഗ്സിന്റെ ​ഗോളിൽ മുംബൈ വീണ്ടും മുന്നിലെത്തി. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാലിയന്‍സുവാല ചങ്‌തെ വലയിലാക്കിയതോടെ 4-2ന്റെ വലിയ വിജയം മുംബൈ നേടി.

ഐഎസ്എൽ സീസണിൽ മുംബൈയുടെ രണ്ടാം വിജയം മാത്രമാണിത്. ആറ് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള മുംബൈ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്നായി രണ്ട് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം 10-ാമതാണ്.

Content Highlights: Mumbai City FC beat Kerala Blasters 4-2 in entertaining game

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us