ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ് സിയെ വീഴ്ത്തി എഫ് സി ഗോവ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം. അർമാൻഡോ സാദിക്കൂ, ഐകര്‍ ഗുവറൊറ്റ്ക്‌സേന എന്നിവര്‍ ഗോവയ്ക്കായി ഗോളുകള്‍ നേടി. അസ്മിര്‍ സുല്‍ജിക് ആണ് പഞ്ചാബിന്റെ ഏക ഗോള്‍ നേടിയത്. സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരമാണ് ഗോവ വിജയിക്കുന്നത്.
മത്സരത്തിൽ ആദ്യം വലചലിപ്പിച്ചത് പഞ്ചാബ് ആണ്. 14-ാം മിനിറ്റിൽ മലയാളി താരം നിഹാൽ സുധീഷിന്റെ അസിസ്റ്റിൽ അസ്മിര്‍ സുല്‍ജിക് ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പഞ്ചാബിന്റെ ആധിപത്യം അധികസമയം നീണ്ടില്ല. 22-ാം മിനിറ്റിൽ തന്നെ ഗോവയുടെ മറുപടി ഉണ്ടായി. ഐകര്‍ ഗുവറൊറ്റ്ക്‌സേനയുടെ അസിസ്റ്റിൽ അർമാൻഡോ സാദിക്കുവാണ് ഗോവയെ ഒപ്പമെത്തിച്ചത്. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോൾ വീതമായി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതി തുടങ്ങിയതും ഗുവറൊറ്റ്ക്‌സേനയുടെ ഗോൾ പിറന്നു. 49-ാം മിനിറ്റിൽ തകർപ്പൻ ഒരു ഇടം കാൽ ഷോട്ടിലൂടെയാണ് താരത്തിന്റെ ഗോൾ. അവശേഷിച്ച സമയത്ത് പഞ്ചാബിന് സമനില ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ് സി ഗോവ മത്സരം സ്വന്തമാക്കി.
Content Highlights: FC Goa Beat Punjab FC 2-1 To Claim Back-To-Back Home Victories