സ്പാനിഷ് ലാ ലീഗയ്ക്ക് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിലും മികച്ച ഫോം തുടർന്ന് ബാഴ്‌സലോണ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രെഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ തകർത്തിട്ടത്. ഇതോടെ നാല് മത്സരങ്ങളിൽ മൂന്നാം ജയം നേടിയ ബാഴ്‌സ ഒമ്പത് പോയിൻ്റോടെ ടേബിളിൽ ആറാമതെത്തി. മറുവശത്ത് സെർബിയൻ ക്ലബ് റെഡ് സ്റ്റാറിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ 35-ാം സ്ഥാനത്താണ് റെഡ്സ്റ്റാർ.
13-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. ഇനിഗോ മാർട്ടിനെസിന്റെ ഹെഡറിലൂടെയായിരുന്നു ഗോൾ പിറന്നത്. മത്സരത്തിൽ ബാഴ്സ മുന്നിലെത്തിയതോടെ ശക്തമായി പ്രതികരിച്ച റെഡ് സ്റ്റാർ 27-ാം മിനിറ്റിൽ സമനില പിടിച്ചു. സിലാസിന്റെ കാലിൽ നിന്നായിരുന്നു റെഡ് സ്റ്റാറിന്റെ സമനില ഗോൾ. എന്നാൽ ഹാഫ് ടൈമിന് തൊട്ടുമുമ്പ് റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ ലീഡ് തിരിച്ചുപിടിച്ചു. റാഫിന്യയുടെ ഗോൾ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി തെറിച്ച് തന്റെ കാലിലെത്തിയപ്പോൾ ലെവൻഡോവ്സ്കി വലയിലേക്ക് ലക്ഷ്യം കാണുകയായിരുന്നു, സ്കോർ 2-1.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെവൻഡോവ്സ്കി വീണ്ടും ഗോളടിച്ചു. ജൂൾസ് കൗണ്ടെയുടെ ലോ ക്രോസിൽ നിന്നായിരുന്നു ഗോൾ. ഇതോടെ ബാഴ്‌സയുടെ ലീഡ് 3-1 ആയി. രണ്ട് മിനിട്ടിന് ശേഷം റാഫിന്യയും സ്വന്തം പേരിൽ ഗോൾ കുറിച്ചതോടെ ബാഴ്‌സ ഗോൾ ലീഡ് മൂന്നാക്കി ഉയർത്തി. കൗണ്ടെയുടെ മറ്റൊരു അസിസ്റ്റിലായിരുന്നു ഗോൾ പിറന്നത്. പിന്നാലെ കൗണ്ടെയുടെ മൂന്നാം അസിസ്റ്റിൽ ഫെർമീനി ലോപസ് അഞ്ചാം ഗോൾ കൂടി ഗോൾ നേടിയതോടെ ബാഴ്‌സ ജയം പൂർത്തിയാക്കി. റെഡ്സ്റ്റാറിന്റെ രണ്ടാം ഗോൾ മിൽസൺ ആണ് നേടിയത്.
Content Highlights: Crvena Zvezda FC Barcelona; 2-5