ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 11-ാം പതിപ്പിൽ മറ്റൊരു നേട്ടം കൂടി പിറന്നിരിക്കുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈൻ എഫ് സിയും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ 1000-ാമത്തെ മത്സരമാണ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരത്തിൽ സമനില പാലിച്ചു.
മത്സരത്തിന്റെ ആദ്യ മിനുറ്റുകളിൽ തന്നെ ചെന്നൈൻ ആക്രമണ ഫുട്ബോളിന് തുടക്കമിട്ടു. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ചെന്നൈൻ മുന്നിട്ടു നിന്നു. ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിക്കുന്നതിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ആർക്കും ഗോൾവല ചലിപ്പിക്കാൻ കഴിയാതെ വന്നതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയായി.
രണ്ടാം പകുതിയിലാണ് 1000-ാമത്തെ മത്സരത്തിന്റെ ആവേശം നിറഞ്ഞത്. 60-ാം മിനിറ്റിൽ ലഭിച്ച ഫ്രീക്വിക്കിൽ ചെന്നൈനായി റയാൻ എഡ്വേഡ്സ് വലചലിപ്പിച്ചു. പിന്നാലെ 63-ാം മിനിറ്റിൽ തന്നെ മുംബൈ സിറ്റി മറുപടി നൽകി. നഥാൻ റോഡ്രിഗ്സ് ആണ് വലചലിപ്പിച്ചത്. അവേശഷിച്ച സമയത്ത് ഇരുടീമുകൾക്കും വലചലിപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ 1000-ാമത്തെ മത്സരം സമനിലയിൽ അവസാനിച്ചു.
Content Highlights: Mumbai City holds Chennaiyin to a 1-1 draw in 1000th match of Indian Super League