പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം രാജകീയമാക്കി ലിവര്‍പൂള്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് റെഡ്‌സ് സ്വന്തമാക്കിയത്. ലിവര്‍പൂളിന് വേണ്ടി ഡാര്‍വിന്‍ നൂനസും മുഹമ്മദ് സലായും വല കുലുക്കി.
🔴🏹 Liverpool fly on top of the Premier League, +5 points and 6 clean sheets! ✨ pic.twitter.com/8nYNrCTJrn
— Fabrizio Romano (@FabrizioRomano) November 9, 2024
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് സ്വന്തമാക്കി. ഡാര്‍വിന്‍ നൂനസാണ് ആതിഥേയരുടെ ആദ്യ ഗോള്‍ നേടിയത്. സലായുടെ അസിസ്റ്റില്‍ നിന്ന് ഒരു ടൈറ്റ് ആങ്കിളില്‍ നിന്നാണ് നൂനസ് ഫിനിഷ് ചെയ്തത്.
രണ്ടാം പകുതിയില്‍ ഇരുഭാഗത്തുനിന്നും അവസരങ്ങള്‍ സൃഷ്ടിക്കുന്നത് കുറവായിരുന്നു. എന്നാല്‍ 84-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്താന്‍ റെഡ്‌സിന് സാധിച്ചു. ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മുഹമ്മദ് സലായാണ് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ മറികടന്ന് വല കുലുക്കിയത്. സീസണില്‍ ലിവര്‍പൂളിന് വേണ്ടി സലാ നേടുന്ന പത്താമത്തെ അസിസ്റ്റും പത്താമത്തെ ഗോളുമാണ് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ പിറന്നത്.
🔴🏹 10 goals, 10 assists for Mo Salah… 20 G/A in 17 games, magic once again. pic.twitter.com/8s5Mobk2Fp
— Fabrizio Romano (@FabrizioRomano) November 9, 2024
സലായുടെ ഗോളോടെ ആന്‍ഫീല്‍ഡില്‍ മൂന്ന് പോയിന്റ് ഉറപ്പിക്കാന്‍ ലിവര്‍പൂളിന് സാധിച്ചു. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി ഉയര്‍ത്താന്‍ ലിവര്‍പൂളിന് സാധിച്ചു. 11 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റാണ് റെഡ്‌സിന്റെ അക്കൗണ്ടിലുള്ളത്. ബ്രൈറ്റണോട് പരാജയം വഴങ്ങിയതോടെ 23 പോയിന്റുമായാണ് സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നത്. 18 പോയിന്റുമായി എട്ടാമതാണ് ആസ്റ്റണ്‍ വില്ല.
Content Highlights: Premier League: Liverpool beats Aston Villa