അടിക്ക് തിരിച്ചടി; പ്രീമിയര്‍ ലീഗില്‍ ചെല്‍സി- ആഴ്‌സണല്‍ പോരാട്ടം സമനിലയില്‍

രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്

dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ആഴ്‌സണലും തമ്മില്‍ നടന്ന പോരാട്ടം സമനിലയില്‍ പിരിഞ്ഞു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ഗണ്ണേഴ്‌സിന് വേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചപ്പോള്‍ പെഡ്രോ നെറ്റോയിലൂടെ ചെല്‍സി മറുപടി പറഞ്ഞു.

പ്രീമിയര്‍ ലീഗിലെ തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ആവേശപോരാട്ടത്തിന് തന്നെയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു.

60-ാം മിനിറ്റില്‍ ആഴ്‌സണലാണ് ആദ്യം ലീഡെടുത്തത്. മാര്‍ട്ടിനെല്ലിയായിരുന്നു ഗണ്ണേഴ്‌സിന്റെ ഗോള്‍ നേടിയത്. എന്നാല്‍ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ ചെല്‍സി തിരിച്ചടിച്ചു. 70-ാം മിനിറ്റില്‍ പെഡ്രോയാണ് ആതിഥേയര്‍ക്ക് വേണ്ടി സമനില ഗോള്‍ കണ്ടെത്തിയത്.

തുടര്‍ന്നും ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചുവെങ്കിലും വിജയഗോള്‍ പിറന്നില്ല. സമനിലയോടെ 19 പോയിന്റുമായി ചെല്‍സി ലീഗില്‍ മൂന്നാമതാണ്. 19 പോയിന്റ് തന്നെയുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പിന്നിലുള്ള ആഴ്‌സണല്‍ തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തുണ്ട്.

Content Highlights: Premier League 2024-25: Chelsea Fight Back To Clinch 1-1 Draw Against Arsenal

dot image
To advertise here,contact us
dot image