പോർച്ചുഗൽ ഫുട്ബോളിന്റെ ക്വിനാസ് ഡി പ്ലാറ്റിന അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. പോർച്ചുഗൽ ദേശീയ ടീമിനായി വർഷങ്ങളായി റൊണാൾഡോ നടത്തുന്ന മികച്ച പ്രകടനത്തിനാണ് അവാർഡ് സമ്മാനിച്ചിരിക്കുന്നത്. പുരസ്കാരം പോർച്ചുഗൽ ഫുട്ബോൾ തനിക്ക് നൽകിയ വലിയ അംഗീകാരമായി കരുതുന്നുവെന്ന് റൊണാൾഡോ പറഞ്ഞു.
പോർച്ചുഗൽ ഫുട്ബോളിനൊപ്പമുള്ള വർഷങ്ങളായുള്ള യാത്രയും കഠിനാദ്ധ്വാനവുമാണ് ഈ നേട്ടത്തിന് കാരണം. 18-ാം വയസിലാണ് പോർച്ചുഗൽ ഫുട്ബോളിൽ ഞാൻ അരങ്ങേറ്റം കുറിച്ചത്. ആദ്യം 25 മത്സരങ്ങൾ കളിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നെ 50 ആകണമെന്ന് ആഗ്രഹിച്ചു. എന്തുകൊണ്ട് 100 മത്സരങ്ങൾ കളിച്ചുകൂടായെന്ന് ചിന്തിച്ചു. 150, 200 മത്സരങ്ങളിലേക്ക് എത്തിയത് വലിയ ആവേശത്തോടെയായിരുന്നു. റൊണാൾഡോ പറഞ്ഞു.
പോർച്ചുഗൽ ഫുട്ബോളിനായി 216 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 133 ഗോളുകൾ നേടി. 2016ൽ യൂറോ കപ്പും 2019ൽ യുവേഫ ചാംപ്യൻസ് ലീഗുമാണ് പോർച്ചുഗൽ ടീമിനൊപ്പം ക്രിസ്റ്റ്യാനോയുടെ വലിയ നേട്ടങ്ങൾ. കരിയറിലാകെ 908 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. ഫുട്ബോൾ കരിയറിൽ 1000 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടത്തിലേക്കുള്ള യാത്രയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
Content Highlights: Cristiano Ronaldo adds another feather to his cap