അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലേഷ്യയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് മത്സരത്തിൽ ആദ്യം ഇന്ത്യ പിന്നിലായത്. എങ്കിലും ആദ്യ പകുതിയിൽ തന്നെ രാഹുൽ ഭേക്കെയിലൂടെ ഇന്ത്യ സമനില ഗോൾ പിടിച്ചു.
മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. എന്നാൽ 19-ാം മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ്ങ് സന്ധുവിന്റെ ഗുരുതര പിഴവ് മലേഷ്യയ്ക്ക് അപ്രതീക്ഷിത ലീഡ് നേടിക്കൊടുത്തു.
39-ാം മിനിറ്റിലാണ് ഇന്ത്യയുടെ സമനില ഗോൾ പിറന്നത്. ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ രാഹുൽ ഭേക്കെ തകർപ്പൻ ഹെഡറിലൂടെ വലിയിലാക്കി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടർച്ചയായി എതിർടീം ബോക്സിലേക്ക് ഇന്ത്യ പന്ത് തൊടുത്തെങ്കിലും വലചലിപ്പിക്കാൻ ആയില്ല.
ഇതോടെ 2024ൽ ഒരു വിജയമെന്ന ഇന്ത്യൻ സ്വപ്നം തുടരുകയാണ്. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കുവൈറ്റിനോടാണ് ഇന്ത്യൻ ഫുട്ബോൾ ടീം അവസാനമായി വിജയിച്ചത്.
Content Highlights: India Stay Winless In 2024 With Disappointing 1-1 Draw Against Malaysia