രാജകീയം മെസ്സി; അസിസ്റ്റുകളുടെ റെക്കോര്‍ഡില്‍ ഇനി അമേരിക്കന്‍ ഇതിഹാസത്തിനൊപ്പം

പെറുവിനെതിരെ വിജയഗോളിന് അസിസ്റ്റ് നല്‍കിയതോടെ തകര്‍പ്പന്‍ റെക്കോര്‍ഡും ലയണല്‍ മെസ്സിയെ തേടിയെത്തിയിരിക്കുകയാണ്

dot image

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. പെറുവിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

പെറുവിനെതിരെ വിജയഗോളിന് അസിസ്റ്റ് നല്‍കിയതോടെ തകര്‍പ്പന്‍ റെക്കോര്‍ഡും ലയണല്‍ മെസ്സിയെ തേടിയെത്തിയിരിക്കുകയാണ്. രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അസിസ്റ്റുകളെന്ന റെക്കോര്‍ഡില്‍ അമേരിക്കന്‍ ഇതിഹാസം ലാന്‍ഡന്‍ ഡൊണോവനൊപ്പമാണ് മെസ്സി എത്തിയിരിക്കുന്നത്. ഇരുവര്‍ക്കും 58 അസിസ്റ്റുകളാണുള്ളത്.

പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 55-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറന്നത്. ഇടതു വിങ്ങില്‍ നിന്നും മെസ്സി നല്‍കിയ മികച്ചൊരു ക്രോസ്സ് മനോഹരമായ വോളിയിലൂടെ ലൗട്ടാരോ മാര്‍ട്ടിനെസ് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തുന്നത്. പരാഗ്വേയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലൗട്ടാരോയാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന ലീഡ് അഞ്ചാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

Content Highlights: Lionel Messi ties assist record as Argentina top World Cup qualifiers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us