യുവേഫ ചാമ്പ്യന്‍സ് ലീഗ്; ആവേശവിജയവുമായി വമ്പന്മാര്‍, ആഴ്‌സണലിനും ബാഴ്‌സയ്ക്കും ലെവര്‍കൂസനും വിജയം

ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്‌സലോണ

dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്ക് ആവേശവിജയം. ഇന്ന് നടന്ന മത്സരങ്ങളില്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ ആഴ്‌സണല്‍ തോല്‍പ്പിച്ചപ്പോള്‍ ബ്രെസ്റ്റിനെ കീഴടക്കി ബാഴ്‌സ വിജയക്കുതിപ്പ് തുടര്‍ന്നു. മറ്റു മത്സരങ്ങളില്‍ ലെവര്‍കൂസനും അറ്റ്‌ലാന്റയും നിര്‍ണായക വിജയം സ്വന്തമാക്കി.

ലിസ്ബണില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ആഴ്‌സണലിന് വേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (7'), കൈ ഹവേര്‍ട്‌സ് (22'), ഗബ്രിയേല്‍ മഗല്‍ഹേസ് (45+10), ബുകായോ സാക (65'), ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് (82') എന്നിവര്‍ ഗോളടിച്ചു. 47-ാം മിനിറ്റില്‍ ഗോണ്‍സാലോ ഇനാസിയോ ആണ് സ്‌പോര്‍ട്ടിങ്ങിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി നിലവില്‍ ഏഴാമതാണ് ആഴ്‌സണല്‍.

അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്‌സലോണ. ഫ്രഞ്ച് ക്ലബ്ബായ ബ്രെസ്റ്റിനെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുമായി തിളങ്ങി. മത്സരത്തിന്റെ പത്താം മിനിറ്റിലും അധിക സമയത്തുമായിരുന്നു ഗോളുകള്‍.

ഡാനി ഒല്‍മോയും ബാഴ്‌സയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.

മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേര്‍ ലെവര്‍കൂസനും വമ്പന്‍ വിജയം സ്വന്തമാക്കി. സാല്‍സ്ബര്‍ഗിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം ഫ്‌ളോറിയാന്‍ വിര്‍ട്‌സ് ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ അലെജാന്‍ഡ്രോ ഗ്രിമാല്‍ഡോ, പാട്രിക് ഷിക്, അലെക്‌സ് ഗാര്‍സിയ എന്നിവരും ഗോള്‍ നേടി. വിജയത്തോടെ പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ലെവര്‍കൂസന് സാധിച്ചു.

Content Highlights: UEFA Champions League: Arsenal, Barca, Leverkusen wins

dot image
To advertise here,contact us
dot image