കൊമ്പന്മാര്‍ക്ക് ഇന്ന് 'ഗോവന്‍ ചലഞ്ച്'; ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്

dot image

ഇന്ത്യന്‍ സൂപ്പർ ലീഗില്‍ വിജയത്തുടര്‍ച്ച തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍. കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ കൊമ്പന്മാര്‍ ഇന്ന് എഫ്സി ഗോവയെ നേരിടാനിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.

തുടർച്ചയായ മൂന്ന്‌ പരാജയങ്ങള്‍ക്ക് ശേഷം, കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ തകർത്താണ് ബ്ലാസ്‌റ്റേഴ്‌സ്‌ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ഞായറാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ​ഗോളുകളുടെ ആവേശവിജയമാണ് കൊമ്പന്മാർ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസും നോഹ സദൗയ്‌യും മലയാളി താരം രാഹുൽ കെ പിയും ​ഗോളടിച്ചു.

പ്രതിരോധത്തിലും ഒത്തിണക്കം പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് സീസണിൽ ആദ്യമായി ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാക്കി. ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പ്രകടനവും നിർണായകമായി. നിലവിൽ ഒമ്പത്‌ മത്സരങ്ങളിൽ‌ നിന്ന് 11 പോയിന്റുമായി പട്ടികയിൽ ഒൻപതാമതാണ് മൈക്കൽ സ്‌റ്റാറേയുടെ സംഘം.

ചെന്നൈയിൻ എഫ്സിക്ക് എതിരെ ഇറങ്ങിയ ടീമിൽ കാര്യമായ മാറ്റം വരുത്താൻ കോച്ച് സ്‌റ്റാറേ തയ്യാറാവാൻ സാധ്യതയില്ല. മുന്നേറ്റത്തിൽ സദൗയ്‌യും ജീസസ് ജിമിനിസും മികച്ച ഫോമിലാണ്. മധ്യനിരയിൽ നായകൻ അഡ്രിയാൻ ലൂണ, വിപിൻ മോഹൻ, കോറോ സിങ്, ഫ്രെഡി ലല്ലമാവിയ എന്നിവർക്കും മാറ്റമുണ്ടായേക്കില്ല. മിലോസ് ഡ്രിൻസിച്ച്, സന്ദീപ് സിങ്, ഹോർമിപാം, നവോച സിംഗ് എന്നിവർ തന്നെയാകും പ്രതിരോധക്കോട്ട കാക്കാൻ ഇറങ്ങുക. ചെന്നൈയിനെതിരെ നിർണായക പ്രകടനം പുറത്തെടുത്ത സച്ചിൻ സുരേഷ് തന്നെയാകും ​ഗോവയ്ക്കെതിരെയും ഗോൾവലയ്ക്ക് മുന്നിലുണ്ടാവുക.

മറുവശത്ത്‌ ഇന്ത്യൻ ടീം കോച്ച് മനോലോ മാർക്വസ് പരിശീലിപ്പിക്കുന്ന ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനക്കാരായ ഗോവയും നിസാരക്കാരല്ല. ബെംഗളൂരു എഫ്‌സിയെയും പഞ്ചാബ്‌ എഫ്‌സിയെയും പരാജയപ്പെടുത്തിയാണ്‌ ഗോവ എത്തുന്നത്‌. സീസണിൽ എട്ട്‌ ഗോൾ നേടി അർമാൻഡോ സാദിക്കുവാണ്‌ ​ഗോവൻ പടയുടെ വജ്രായുധം. ഡെയാൻ ഡ്രാൻസിച്ച്‌, ബോർഹ ഹെരേര എന്നിവരും ഗോവയ്‌ക്കായി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പഞ്ചാബിനെതിരെ കളിച്ച ടീമിനെ തന്നെയാകും മനോലോ മാർക്വസ് കളത്തിലിറക്കുക.

Content Highlights: ISL 2024-25: Kerala Blasters FC against FC Goa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us