ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ വിജയം നേടി ഈസ്റ്റ് ബംഗാൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. കേരളാ ബ്ലാസ്റ്റേഴ്സ് മുൻ താരം കൂടിയായ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ഈസ്റ്റ് ബംഗാളിനായി വലചലിപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ പലതവണ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് പ്രതിരോധം കടന്ന് ഗോൾമുഖത്തേയ്ക്കെത്തി. എന്നാൽ 22-ാം മിനിറ്റിൽ ആദ്യം വലചലിപ്പിച്ചത് ഈസ്റ്റ് ബംഗാളാണ്. ദിമിത്രിയോസ് ഡയമന്റക്കോസ് ഈസ്റ്റ് ബംഗാളിനായി വലചലിപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്യാനും ഈസ്റ്റ് ബംഗാളിന് കഴിഞ്ഞു.
രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. 72-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മുഹമ്മദ് അലി ബെമാമറും 87-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ലാല്ചുങ്ക്നുന്ഗയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിൽ വിജയം നേടിയെങ്കിലും പോയിന്റ് ടേബിളിൽ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തന്നെയാണ്. എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ആറ് തോൽവിയും ഉൾപ്പെടെ നാല് പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്. 10 മത്സരങ്ങളിൽ നിന്നായി നാല് ജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയും ഉൾപ്പെടെ 15 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ടേബിളിൽ മൂന്നാമതാണ്. ബെംഗളൂരു എഫ് സിയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Content Highlights: East Bengal Chase First ISL Win Of The Season vs High-Flying NorthEast United