ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനും മുംബൈ സിറ്റിക്കും വിജയം. ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി പരാജയപ്പെടുത്തിയത്. പിന്നാലെ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈൻ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്.
മെഹ്താബ് സിങ്ങിന്റെ ഗോളിലാണ് മുംബൈ സിറ്റി ഹൈദരാബാദിനെതിരെ വിജയം നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ താരത്തിന്റെ ഗോൾ പിറന്നു. നിർണായകമായ വിജയത്തോടെ പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേയ്ക്ക് ഉയരാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ചാംപ്യന്മാരായിട്ടും ഇത്തവണ ഐഎസ്എല്ലിൽ മുന്നേറ്റം സൃഷ്ടിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞിട്ടില്ല.
ചെന്നൈനെതിരെ 86-ാം മിനിറ്റിലാണ് മോഹൻ ബഗാന്റെ ഗോൾ പിറന്നത്. ജേസൺ കമ്മിങ്സിന്റെ ഇടംകാൽ ഷോട്ട് ബഗാനായി വലചലിപ്പിച്ചു. ഒമ്പത് മത്സരങ്ങളിൽ നിന്നായി ആറാം വിജയം സ്വന്തമാക്കിയ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ ബെംഗളൂരുവിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ചെന്നൈൻ എട്ടാം സ്ഥാനത്തായി.
Content Highlights: Mohun Bagan Super Giant and Mumbai City earned three points in ISL