ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് പെനാൽറ്റി നേട്ടവുമായി ബോൺമൗത്ത് മിഡ്ഫീൽഡർ ജസ്റ്റിൻ ക്ലുവർട്ട്. വോൾവ്സിനെതിരായ മത്സരത്തിൽ തുടർച്ചയായ മൂന്ന് പെനാൽറ്റികൾ ഗോളാക്കി മാറ്റിയാണ് ക്ലുവർട്ട് ചരിത്രമെഴുതിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് പെനാൽറ്റികൾ നേടുന്ന ആദ്യ താരമാണ് ഡച്ച് താരമായ ക്ലുവർട്ട്.
Justin Kluivert becomes the first player in Premier League history to score a hat trick of penalties 🎯🎯🎯 pic.twitter.com/thkxN6lJCU
— B/R Football (@brfootball) November 30, 2024
റോമയുടെ താരമായിരുന്ന ക്ലുവർട്ട് കഴിഞ്ഞ വർഷമാണ് ബോൺമൗത്തിലെത്തിയത്. 2020 മുതൽ 2023 വരെ ലീപ്സിഗ്, നീസ്, വലൻസിയ എന്നീ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. വോൾവർ ഹാംപ്ടന്റെ മോളിനക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബോൺമൗത്ത് ജയിച്ചത്. മത്സരത്തിലെ 3,18,74 മിനിറ്റുകളിലായിരുന്നു ക്ലുവർട്ടിന്റെ ഗോളുകൾ. എട്ടാം മിനിറ്റിൽ മിലോസ് കെർകെസാണ് ബോൺമൗത്തിനായി മറ്റൊരു ഗോൾ നേടിയത്. വോൾവ്സിന് വേണ്ടി ജോർജൻ ലാർസൻ ഇരട്ടഗോൾ നേടി. 5, 69 മിനിറ്റുകളിലായിരുന്നു ലാർസന്റെ ഗോൾ.
ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബോൺമൗത്ത് 13-ാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ലിവർപൂളാണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമത്. അത്രയും മത്സരങ്ങളിൽ നിന്ന് 25 പോയിന്റ് വീതമുള്ള ആഴ്‌സണലും ചെൽസിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇന്നലെ ലിവർപൂളിനോടും തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ബ്രൈട്ടണും ശേഷം അഞ്ചാം സ്ഥാനത്താണ്.
Content Highlights: Kluivert makes Premier League history with penalty hat-trick