ലാലിഗയിൽ ജിറോണയെ എതിരില്ലത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ്. 36-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ങ്ഹാം, 55-ാം മിനിറ്റിൽ ആർദ ഗുലർ, 62-ാം മിനിറ്റിൽ കെയ്‌ലിയൻ എംബാപ്പെ എന്നിവരാണ് ഗോൾ നേടിയത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പെനാൽറ്റി പാഴാക്കിയ എംബാപ്പെക്ക് ഗോൾ നേടാനായി. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‍സയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി ചുരുക്കി. 16 മത്സരങ്ങളിൽ നിന്ന് 11 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 36 പോയിന്റാണ് റയലിനുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 12 ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 38 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്.
ഇന്നലെ റയൽ ബെറ്റ്‌സിനെതിരെ നടന്ന മത്സരത്തിൽ ബാഴ്‌സ രണ്ടേ രണ്ടിന് സമനില വഴങ്ങിയിരുന്നു. കളി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെയായിരുന്നു ബാഴ്‌സ രണ്ടാം ഗോൾ വഴങ്ങിയത്. സീസണിലെ തന്റെ 16-ാം ഗോളിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. 39-ാം മിനിറ്റിലായിരുന്നു ബാഴ്‌സയെ മുന്നിലെത്തിച്ച ഗോൾ. എന്നാൽ 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ജിയോവാനി റയൽ ബെറ്റിസിന് സമനില നേടിക്കൊടുത്തു. 68-ാം മിനിറ്റിൽ ലാമിൻ യമ്മാളിന്റെ അസിസ്റ്റിൽ ഫൊറൻ ടോറസ് ബാഴ്‍സയ്ക്ക് രണ്ടാം ഗോൾ നേടികൊടുത്തു. എന്നാൽ 94-ാം മിനിറ്റിൽ അസാൻ ഡിയാവോ ബാഴ്‌സയെ ഞെട്ടിച്ച് റയൽ ബെറ്റിസിന് സമനില നേടിക്കൊടുത്തു.
Content Highlights: Real Madrid beat Girona by three goals; Barca drew with Real Betis