യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ അറ്റ്ലാന്റയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗിൽ റയലിന്റെ തിരിച്ചുവരവ്. 10-ാം മിനിറ്റിൽ ബ്രാഹിം ദിയാസിന്റെ പാസിൽ കൈലിയൻ എംബാപ്പെയാണ് റയൽ മാഡ്രിഡിന് വേണ്ടി മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ പരിക്ക് കാരണം താരത്തിന് ഉടൻ തന്നെ കളം വിടേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ചാൾസ് ഡി കെറ്റെലറെയിലൂടെ അറ്റ്ലാന്റ സമനില പിടിച്ചു. പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ.
എന്നാൽ രണ്ടാം പകുതി മുതൽ കൂടുതൽ ഉണർന്ന് കളിച്ച റയൽ മാഡ്രിഡ് പരിക്ക് ഭേദമായി തിരിച്ചെത്തിയ വിനീഷ്യസ് ജൂനിയറിലൂടെ മുന്നിലെത്തി. 56-ാം മിനിറ്റിലായിരുന്നു ഗോൾ. മൂന്ന് മിനിറ്റിനുള്ളിൽ വിനീഷ്യസ് ജൂനിയറിൽ തന്നെ തകർപ്പൻ പാസിൽ ബെല്ലിങ്ങ്ഹാം കൂടി ഗോൾ നേടിയതോടെ സ്കോർ 3-1 ആയി. 65-ാം മിനിറ്റിൽ അഡെമോളെ ലുക്ക്മാൻ അറ്റലാന്റയ്ക്ക് വേണ്ടി ഒരു ഗോൾ കൂടെ നേടി 3-2 ആക്കി.
വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയുമായി 9 പോയിന്റിൽ 18-ാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 11 പോയിന്റുള്ള അറ്റ്ലാന്റ ഒമ്പതാം സ്ഥാനത്തുമാണ്. നിലവിൽ ആറ് മത്സരങ്ങളിൽ ആരും ജയിച്ച ലിവർപൂളാണ് 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്.
Content Highlights: Champions League 2024-25; Atalanta vs Real Madrid: ATA 2-3 RMA