ഫിഫ ലോകകപ്പ് 2030, 2034 വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഫിഫ സമ്മേളനത്തിലാണ് വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾ സംയുക്തമായി നടത്തും. 2034ലെ ലോകകപ്പ് സൗദ്യ അറേബ്യയും നടത്തും.
നേരത്തെ 2034 ലോകകപ്പ് നടത്താൻ ഓസ്ട്രേലിയ, ഇന്തോനേഷ്യ രാജ്യങ്ങളും രംഗത്തുണ്ടായിരുന്നു.
എന്നാല്‍ ആതിഥേയ രാഷ്ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിവസമായ 2023 ഒക്ടോബർ 30ന് മുമ്പായി ഈ രാജ്യങ്ങള്‍ പിന്മാറായിരുന്നു. ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കും.
2030ൽ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, സ്പെയിൻ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പിന്റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾക്ക് അർജന്റീന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 1930ൽ ആദ്യ ഫിഫ ലോകകപ്പ് നടന്നതിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രദർശന മത്സരങ്ങൾ നടത്തുക.
2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകൾ, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങൾ പത്ത് വ്യത്യസ്ത രാജ്യങ്ങളിലായാണ് നടക്കുക. 2022ലെ ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയുടെ അയൽ രാജ്യമായ ഖത്തറിലാണു നടന്നത്. ലോകകപ്പ് നേടിയ അർജന്റീനൻ ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ. കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ സൗദി ഫുട്ബോൾ, ലോകകപ്പ് എത്ര വിജയമാക്കി മാറ്റുമെന്നാണ് ഇനി അറിയേണ്ടത്.
Content Highlights: FIFA officially announced host of World Cup 2030 and 2034