ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പ്രതീക്ഷ നൽകി പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-1ന് മുന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സ് പന്തിനെ നിയന്ത്രിച്ചു. എന്നാൽ മോഹൻ ബഗാൻ മത്സരത്തിൽ താളം കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ വീര്യം കുറഞ്ഞു.
33-ാം മിനിറ്റിൽ ജാമി മക്ലാരൻ മോഹൻ ബഗാനെ മുന്നിലെത്തിച്ചു. ഗോൾപോസ്റ്റിന് പുറത്തുനിന്നുള്ള ആശിഷ് റായുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ റയാൻ മക്ലാരൻ പന്ത് വലയിലാക്കി. ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിന് ലീഡ് ചെയ്തു.
രണ്ടാം പകുതിയിൽ മുൻമത്സരങ്ങളിലേതിന് സമാനമായി ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് നടത്തിയതാണ്. 51-ാം മിനിറ്റിൽ ഹെസ്യൂസ് ഹിമെനെസ് ബ്ലാസ്റ്റേഴ്സിനായി വലചലിപ്പിച്ചു. മോഹൻ ബഗാന്റെ പ്രതിരോധ പിഴവ് മുതലെടുത്തായിരുന്നു ഹിമെനെസിന്റെ ഗോൾ. ഐഎസ്എൽ സീസണിൽ ഗോൾ നേട്ടത്തിൽ രണ്ടാമനാകാനും ഹിമെനെസിന് സാധിച്ചു. 12-ാം മത്സരം കളിക്കുന്ന ഹിമെനെസിന്റെ ഒമ്പതാം ഗോളാണിത്. 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ അലെദ്ദീൻ അജറയാണ് ഹിമെനെസിന് മുന്നിലുള്ള ഏക താരം.
77-ാം മിനിറ്റിൽ മോഹൻ ബഗാന്റെ മറ്റൊരു പിഴവ് ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത അഡ്രിയാൻ ലൂണയുടെ ഷോട്ട് ബഗാൻ ഗോൾ കീപ്പർ വിശാൽ കെയ്ത്തിന്റെ കൈകളിലേക്കാണ് എത്തിയത്. എന്നാൽ പന്ത് കൈപ്പിടിയിലൊതുക്കാൻ വിശാലിന് കഴിഞ്ഞില്ല. വിശാലിന്റെ കൈയ്യിൽ നിന്നും പന്ത് ചോർന്നതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് പന്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലായി. എന്നാൽ മത്സരത്തിന്റെ ആവേശം അവിടെയും തീർന്നില്ല.
86-ാം മിനിറ്റിൽ ജേസൺ കമ്മിങ്സ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു. പിന്നാലെ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോൾ 95-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗ്സിന്റെ ഗോളിൽ മോഹൻ ബഗാൻ വിജയഗോൾ നേടി.
12 മത്സരങ്ങളിൽ നിന്നായി 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: Alberto Rodriguez strikes late winner, wins it for Mariners in ISL 2024-25