ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയോട് സമനില പിടിച്ച് ബെംഗളൂരു എഫ് സി. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. മത്സരത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് എഫ് സി ഗോവ മുന്നിലായിരുന്നു. എന്നാൽ 12 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകളുമായി ബെംഗളൂരു എഫ് സി തിരിച്ചുവരികയായിരുന്നു.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ഡെജാൻ ഡ്രാസിച്ചിൻ്റെ പാസ് വലയിലെത്തിച്ച് സന്ദേശ് ജിങ്കനാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്യാനും എഫ് സി ഗോവയ്ക്ക് സാധിച്ചു. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ സാഹിൽ തവോറയും ഗോൾ നേടി. ഇതോടെ ഗോൾ നിലയിൽ 2-0ത്തിന് എഫ് സി ഗോവ ലീഡ് ചെയ്തു. പിന്നീടായിരുന്നു ബെംഗളൂരു എഫ് സിയുടെ തിരിച്ചുവരവ്.
71-ാം മിനിറ്റിൽ റയാൻ വില്യംസന്റെ ഗോളിലൂടെ ബെംഗളൂരു ആദ്യ മറുപടി നൽകി. പിന്നാലെ 83-ാം മിനിറ്റിൽ ജോർഗെ പെരേര ഡയസിന്റെ ഗോളിൽ ബെംഗളൂരു സമനില പിടിച്ചു. മത്സരം സമനിലയായെങ്കിലും 12 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ബെംഗളുരൂ എഫ് സി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള മോഹൻ ബഗാൻ തൊട്ടുപിന്നിലുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഗോവ നാലാമതാണ്.
Content Highlights: Blues Come Back Twice To Hold Gaurs At Sree Kanteerava