കോച്ച് മൈക്കല്‍ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയ സംഭവത്തില്‍ നിലപാട് അറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്റെ മോശം പ്രകടനത്തെയും തുടര്‍ പരാജയങ്ങളെയും തുടര്‍ന്ന് അല്‍പസമയം മുന്‍പാണ് സ്റ്റാറെയെ പുറത്താക്കിയതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ കോച്ചിനെ ബലിയാടാക്കി മാനേജ്‌മെന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് മഞ്ഞപ്പട വാദിക്കുന്നത്.
'സ്വന്തം കഴിവുകേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ് കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്‍. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം ഒരു പരിശീലകനെ ബലിയാടാക്കാനാണ് അവര്‍ തിരഞ്ഞെടുത്തത്. ടീമിന്റെ മോശം ട്രാന്‍സ്ഫറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനേജ്മെന്റിന്റെ അനാസ്ഥയും കാഴ്ചപ്പാടില്ലായ്മയുമാണ് ഈ നീക്കത്തിന്റെ ഉദ്ദേശം. കോച്ചിനെ പുറത്താക്കുന്നത് കൊണ്ട് മാത്രം ഞങ്ങളുടെ ടീമിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. എന്നാല്‍ സ്വന്തം പിഴവ് മറച്ചുവെച്ച് മാനേജ്‌മെന്റ് എളുപ്പവഴി സ്വീകരിച്ചതില്‍ തീര്‍ച്ചയായും നാണക്കേടുണ്ടാക്കും. മാനേജ്മെന്റ്, നിങ്ങളുടെ കുഴപ്പത്തിന് കോച്ച് വില കൊടുക്കുകയാണ്. നിങ്ങളുടെ ബലിയാടാക്കല്‍ തന്ത്രങ്ങളില്‍ ഞങ്ങള്‍ കബളിപ്പിക്കപ്പെടില്ല. കോച്ച്, നിങ്ങളുടെ സമയത്തിന് നന്ദി!', മഞ്ഞപ്പട സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സ്റ്റാറെയ്ക്ക് പുറമേ അസിസ്റ്റന്റ് കോച്ചുമാരായ ജോണ്‍ വെസ്ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും ക്ലബ്ബ് പുറത്താക്കിയിരിക്കുകയാണ്. പുതിയ ഹെഡ് കോച്ചിനെ നിയമിക്കുന്നതുവരെ ടോമാസ് ഷോര്‍സും ടിജി പുരുഷോത്തമനും താത്ക്കാലികമായി ആദ്യ ടീമിന്റെ ചുമതല വഹിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
സെര്‍ബിയന്‍ കോച്ചായ ഇവാന്‍ വുകോമനോവിച്ച് പുറത്തായതിന് ശേഷം 2024 മേയിലാണ് സ്വീഡിഷുകാരനായ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി സ്ഥാനമേറ്റെടുക്കുന്നത്. എന്നാല്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതിലും വിജയത്തിലേയ്ക്ക് നയിക്കാനും സ്റ്റാറെയ്ക്ക് സാധിച്ചില്ല.
സ്റ്റാറെയുടെ കീഴില്‍ സീസണിലെ 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 11 പോയിന്റുമായി നിലവില്‍ പത്താമതാണ് ബ്ലാസ്റ്റേഴ്‌സ്. തുടര്‍ തോല്‍വികളുള്‍പ്പടെ ഏഴ് പരാജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. മോഹന്‍ ബഗാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞത്.
Content Highlights: kbfc manjappada against Kerala Blasters management after sacking head coach Mikael Stahre