മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന സൂചന നല്‍കി യുവ ഫോര്‍വേഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. താന്‍ പുതിയ വെല്ലുവിളികള്‍ക്കും കരിയറിലെ അടുത്ത ഘട്ടങ്ങള്‍ക്കും വ്യക്തിപരമായി തയ്യാറെടുക്കുകയാണെന്നാണ് റാഷ്‌ഫോര്‍ഡ് ഫുട്ബോള്‍ എഴുത്തുകാരനായ ഹെന്റി വിന്ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിറ്റിക്കെതിരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാച്ച്‌ഡേ സ്‌ക്വാഡില്‍ നിന്ന് കോച്ച് റൂബന്‍ അമോറിം ഒഴിവാക്കിയതിന് പിന്നാലെ റാഷ്‌ഫോര്‍ഡ് ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താരത്തിന്റെ നിര്‍ണായക പ്രതികരണം.
🚨 Marcus Rashford: “For me, personally, I'm ready for a NEW challenge and the next steps”, told @henrywinter.
— Fabrizio Romano (@FabrizioRomano) December 17, 2024
“When I leave it's going to be ‘no hard feelings’. You’re not going to have any negative comments from me about Man United”.
“That’s me. I will always be a Red”. pic.twitter.com/KKtuXjohMJ
'പുതിയ വെല്ലുവിളികള്‍ക്കും അടുത്ത ചുവടുവെപ്പുകള്‍ക്കും വ്യക്തിപരമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് വിടുമ്പോൾ തനിക്ക് കടുത്ത വികാരങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുറിച്ച് ഒരു നെഗറ്റീവ് കമന്റ് പോലും എന്നില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കില്ല. അതാണ് ഞാന്‍. ഞാന്‍ എപ്പോഴും 'റെഡ്' ആയിരിക്കും. എന്നെങ്കിലും യുണൈറ്റഡ് വിടുന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ അക്കാര്യം നിങ്ങളെ അറിയിക്കും. അത് തീര്‍ച്ചയാണ്', റാഷ്‌ഫോര്‍ഡ് പറഞ്ഞു.
ഏഴ് വയസ്സ് മുതല്‍ യുണൈറ്റഡിനൊപ്പമുള്ള 27 കാരനായ ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ നിലവില്‍ പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ തന്റെ റോളിനെക്കുറിച്ച് അനിശ്ചിതത്വം നേരിടുകയാണ്. ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുണൈറ്റഡ് 2-1 ന് വിജയിച്ച മത്സരത്തില്‍ ടീമില്‍ നിന്ന് റാഷ്ഫോര്‍ഡിനെയും സഹതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോയെയും ഒഴിവാക്കിയിരുന്നു. തന്റെ കളിക്കാര്‍ക്കിടയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താനുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് അമോറിം പിന്നീട് പറഞ്ഞു. മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കുള്ള യുണൈറ്റഡ് ടീമില്‍ നിന്ന് റാഷ്ഫോര്‍ഡിനെ ഒഴിവാക്കിയതിന് പിന്നാലെ താരം ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
Content Highlights: Marcus Rashford Eyes New Challenges Amid Manchester United Future Speculation