പ്രഥമ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ മെക്‌സിക്കന്‍ ക്ലബ് പച്ചുക്കയെ പരാജയപ്പെടുത്തിയാണ് റയല്‍ ചാമ്പ്യന്മാരായത്. ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് റയൽ സ്വന്തമാക്കിയത്. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ വലകുലുക്കി.
🏆 ¡CAMPEONES! 🏆
— Real Madrid C.F. (@realmadrid) December 18, 2024
🏁 @RealMadrid 3-0 @Tuzos
⚽ 37' @KMbappe
⚽ 53' @RodrygoGoes
⚽ 84' @ViniJr (p)#FIFAIntercontinentalCup | #WorldCham9ions pic.twitter.com/nl5eZsGMZW
ആദ്യ പകുതിയില്‍ 37-ാം മിനിറ്റില്‍ സൂപ്പർ താരം എംബാപ്പെയാണ് റയലിന്റെ സ്കോറിങ് തുറന്നത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസിലാണ് ആദ്യ ഗോൾ പിറക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ റോഡ്രിഗോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. 53-ാം മിനിറ്റില്‍ എംബാപ്പെയുടെ പാസിൽ നിന്നായിരുന്നു റോഡ്രിഗോ ഗോൾ കണ്ടെത്തിയത്. ‘വാർ’ പരിശോധനകൾക്കു ശേഷമായിരുന്നു റഫറി ഈ ഗോൾ അനുവദിച്ചത്.
84-ാം മിനിറ്റിൽ പെനാൽറ്റി അവസരത്തിലൂടെ റയലിന്റെ മൂന്നാം ഗോളും പിറന്നു. റയലിന്റെ ലൂകാസ് വാസ്കസിനെ പച്ചുക്ക താരം ഇദ്രിസി ഫൗൾ ചെയ്തതിനാണ് ‘വാർ’ പരിശോധനകൾക്ക് ശേഷം റഫറി പെനാൽറ്റി വിധിച്ചത്. പെനാല്‍റ്റി എടുത്ത വിനീഷ്യസ് റയലിന്റെ സ്കോർ 3–0 ആക്കി ഉയർത്തി. ഇതോടെ മൂന്ന് ഗോളുകളുടെ ആധികാരിക വിജയവുമായി റയൽ കിരീടം സ്വന്തമാക്കി.
Content Highlights: Mbappe, Vinicius score as Real Madrid wins FIFA Intercontinental Cup 2024