ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ആഴ്സണൽ മാനേജറായി അഞ്ച് വർഷം പൂർത്തിയാക്കുന്ന മൈക്കല്‍ ആര്‍ട്ടേറ്റയ്ക്ക് ആഘോഷിക്കാൻ ഇതിലും വലിയൊരു വിജയം ലഭിക്കാനില്ല. ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ആഴ്സണൽ തകർത്തെറിഞ്ഞു. കായ് ഹവേർട്സും ഗബ്രിയേൽ മാർട്ടിനലിയും ഡെക്ലാൻ റൈസും ആഴ്സണലിനായി ഗോളുകൾ നേടി.
ദിവസങ്ങൾക്ക് മുമ്പ് കരാബോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റൽ പാലസിനെതിരെ തന്നെ ഹാട്രിക് നേടിയതിന് പിന്നാലെയാണ് ജിസ്യൂസ് ഇരട്ട ഗോൾ നേട്ടവുമായി വീണ്ടും തിളങ്ങിയത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ ആറ് ഗോളുകളാണ് ജിസ്യൂസിന്റെ സമ്പാദ്യം.
വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 17 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയം ഉൾപ്പെടെ 33 പോയിന്റുള്ള ആഴ്സണൽ മൂന്നാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ 10 വിജയം നേടിയ ചെൽസി 34 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 15 മത്സരങ്ങളിൽ 11ലും വിജയമുള്ള ലിവർപൂൾ 36 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്.
Content Highlights: Gabriels bring tidings of joy to Arsenal in thrashing of sorry Crystal Palace