
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടനോട് സിറ്റി സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോളുകൾ നേടി. എന്നാൽ നിർണായക സമയത്ത് ലഭിച്ച പെനാൽറ്റി എർലിങ് ഹാലണ്ട് പാഴാക്കിയതോടെയാണ് സിറ്റിക്ക് സമനിലയിൽ പിരിയേണ്ടി വന്നത്.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. 14-ാം മിനിറ്റിൽ ജെറമി ഡോക്കു നൽകിയ പാസ് ബെർണാണ്ടോ സിൽവ സ്ലൈഡ‍് ചെയ്ത് വലയിലാക്കി. 36-ാം മിനിറ്റിൽ എവർട്ടൻ തിരിച്ചടിച്ചു. ഇലിമാൻ എൻഡിയായെയാണ് എവർട്ടനായി സമനില നേടിയത്.
രണ്ടാം പകുതിയിൽ 54-ാം മിനിറ്റിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി അവസരം ലഭിച്ചത്.
കിക്കെടുത്ത ഹാലണ്ട് ഒരു ഗ്രൗണ്ട് ഷോട്ടിനാണ് ശ്രമിച്ചത്. വലതുവശത്തേയ്ക്ക് ചാടിയ എവർട്ടൻ ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് പന്ത് തടഞ്ഞു. പന്ത് റീബൗണ്ട് ചെയ്ത് ഫിൽ ഫോഡന്റെ അടുത്തെത്തി. ഫോഡന്റെ കിക്ക് വീണ്ടും ഹാലണ്ടിലേക്കാണ് എത്തിയത്. ഹാലണ്ട് ഹെഡ് ചെയ്ത് പന്ത് വലയിലാക്കി. എന്നാൽ റഫറി ഓഫ്സൈഡ് വിളിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾനേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നാലെ നിശ്ചിത സമയത്ത് മത്സരം സമനിലയിൽ അവസാനിച്ചു.
Content Highlights: Manchester City held by Everton after Erling Haaland’s penalty miss