
സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷനിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ തങ്ങളുടെ 33-ാം കിരീടം നേടിയിരിക്കുകയാണ്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതിന് ശേഷം ലഭിച്ച ആറ് മിനിറ്റ് ഇഞ്ചുറി ടൈമിലായിരുന്നു ബംഗാളിന്റെ ഗോൾ. അപരാജിതരായി മുന്നേറി പത്ത് മത്സരങ്ങളിൽ നിന്ന് 35 ഗോളുകളുമായി ഈ ടൂർണമെന്റിൽ ഫൈനലിലേക്ക് മുന്നേറിയ കേരളത്തെ ഞെട്ടിച്ച ആ ഗോൾ നേടിയത് റോബി ഹൻസ്ദ ആയിരുന്നു. 94–ാം മിനിറ്റിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അനായാസമായിരുന്നു ബംഗാൾ താരത്തിന്റെ ഗോൾ. മത്സരത്തിലുടനീളവും കേരളത്തിന്റെ ബോക്സിനുള്ളിലേക്ക് അപകടം വിതച്ച് കയറിയതും ഹൻസ്ദ ആയിരുന്നു.
ഈ ടൂർണമെന്റിലെ താരവും ടോപ് സ്കോററും മറ്റാരുമല്ല. 12 ഗോൾ നേടിയ ഒമ്പതാം നമ്പറുകാരനായ ഹൻസ്ദ തന്നെയാണ്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന്റെ നസീബ് റഹ്‌മാനെക്കാൾ നാല് ഗോളുകൾക്ക് മുന്നിലാണ് ബംഗാൾ താരം. എട്ട് ഗോളുകളാണ് നസീബ് നേടിയിട്ടുള്ളത്. ഏഴ് ഗോളുമായി ബംഗാളിന്റെ നാരോഹാരിയും കേരളത്തിന്റെ അജ്‌സലുമാണ് മൂന്നും നാലും സ്ഥാനത്ത്.
Content Highlights: Robi Hansda hero of bengal in santosh trophy