കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവതാരം രാഹുല്‍ കെ പി ക്ലബ്ബ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24 കാരനായ താരം ഒഡീഷ എഫ്‌സിയിലേയ്ക്ക് ചേക്കേറിയെന്നും ക്ലബ്ബ് അറിയിച്ചു. താരത്തിന്റെ സംഭാവനകള്‍ക്കും ഓര്‍മകള്‍ക്കും ക്ലബ്ബ് നന്ദിയറിയിച്ചു.
രാഹുല്‍ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും ഒഡീഷ എഫ്‌സിയിലേയ്ക്ക് ചേക്കേറുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുക്ലബ്ബുകളും തമ്മില്‍ കരാറുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ അഞ്ച് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായിരുന്നു തൃശൂര്‍ സ്വദേശിയായ കെ പി രാഹുല്‍. മുന്‍ എഐഎഫ്എഫ് എലൈറ്റ് അക്കാദമി താരമായ രാഹുല്‍ 2019ലാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ 76 മത്സരങ്ങള്‍ കളിച്ച രാഹുല്‍ ഒന്‍പത് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Rahul KP leaves Kerala Blasters FC