സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് പ്രതികരണവുമായി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. സ്പാനിഷ് ലാ ലിഗയിൽ ഇത്തവണ ഏറ്റമുട്ടിയപ്പോൾ ബാഴ്സലോണ റയലിനെ പരാജയപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് അത്തരമൊരു തോൽവി സംഭവിച്ചതെന്ന് പരിശോധിക്കും. ആഞ്ചലോട്ടി മത്സരത്തിന് മുമ്പായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
ലാ ലിഗയിൽ ബാഴ്സലോണയ്ക്കെതിരെ റയലിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ചില പ്രശ്നങ്ങളുണ്ടായി. ഇത്തവണ കഴിഞ്ഞ തവണ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. സൂപ്പർ കോപ്പ ഫൈനൽ എൽ ക്ലാസിക്കോയെന്നത് കൂടുതൽ സമ്മർദം നൽകുന്നു. ബാഴ്സലോണയ്ക്കെതിരെ റയൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആഞ്ചലോട്ടി വ്യക്തമാക്കി.
നാളെ രാത്രിയാണ് സൂപ്പർ കോപ്പ കിരീടപ്പോരിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുക. ലാ ലിഗ സീസണിൽ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. എന്നാൽ ലാ ലിഗ സീസണിൽ മികച്ച തുടക്കത്തിന് ശേഷം ബാഴ്സ തിരിച്ചടികൾ നേരിടുകയാണ്. ഒരു ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന ബാഴ്സ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എന്നാൽ റയൽ സീസൺ തുടക്കത്തിലെ തിരിച്ചടികളിൽ നിന്നും കരകയറി ഇപ്പോൾ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡാണ് ഇപ്പോൾ ടേബിളിൽ രണ്ടാമത്.
Content Highlights: Carlo Ancelotti seeks La Liga defeat revenge against Barcelona in Spanish Super Cup final