ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പുവെച്ച് എർലിങ് ഹാലണ്ട്. 9.5 വർഷത്തേയ്ക്കാണ് താരത്തിന്റെ പുതിയ കരാർ. 2034ലെ സീസൺ വരെ ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. മാഞ്ചസ്റ്റർ സിറ്റി പോലുള്ള വലിയൊരു ക്ലബിൽ തുടരാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പുതിയ കരാർ ഒപ്പുവെച്ചതിന് ശേഷം ഹാലണ്ട് പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റി ഒരു മികച്ച ക്ലബാണ്. മികച്ച ആരാധകപിന്തുണ ഈ ക്ലബിനുണ്ട്. ഒരു താരത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അന്തരീക്ഷവും ഈ ക്ലബിൽ ലഭിക്കുന്നു. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് താൻ നന്ദി പറയുന്നു. അതുപോലെ കഴിഞ്ഞ രണ്ട് വർഷമായി തന്നെ പിന്തുണച്ച സഹതാരങ്ങൾക്കും പരിശീലക സംഘത്തിലെ ഓരോരുത്തർക്കും നന്ദി പറയുന്നു. ഹാലണ്ട് വ്യക്തമാക്കി.
2022-23 സീസണിലാണ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമാകുന്നത്. തന്റെ ആദ്യ സീസണിൽ തന്നെ 52 ഗോളുകൾ അടിച്ച് ഹാലണ്ട് തന്റെ വരവ് അറിയിച്ചിരുന്നു. ഇതിൽ 36 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി 35 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. 2022-23 സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇംഗ്ലീഷ് എഫ് എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഹാലണ്ട് അംഗമായ മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നു.
2024 സെപ്റ്റംബറിൽ 105-ാം മത്സരത്തിൽ ഹാലണ്ട് 100 ഗോൾ എന്ന നേട്ടം സ്വന്തമാക്കി. ഒരു ക്ലബിനായി വേഗത്തിൽ 100 ഗോളുകളെന്ന നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പമെത്താനും ഹാലണ്ടിന് സാധിച്ചിരുന്നു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനായി 2009ലായിരുന്നു റൊണാൾഡോയുടെ നേട്ടം.
Content Highlights: Erling Haaland signs nine-and-half-year contract with Manchester City