'പിഎസ്ജിയിലെത്തിയ മെസ്സിയോട് എംബാപ്പെയ്ക്ക് അസൂയ ഉണ്ടായിരുന്നു'; തുറന്നുപറഞ്ഞ് നെയ്മര്‍

താരത്തിന്റെ ഈഗോ ക്ലബ്ബിന്റെ മത്സരങ്ങളെയും പ്രകടനത്തെയും കാര്യമായി ബാധിച്ചിരുന്നെന്നും നെയ്മര്‍ തുറന്നുപറഞ്ഞു.

dot image

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയോട് അന്നത്തെ സഹതാരവും ഫ്രാന്‍സ് ദേശീയ ടീമിന്റെ സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയ്ക്ക് അസൂയ ഉണ്ടായിരുന്നെന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. മുന്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ റൊമാരിയോയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നെയ്മറിന്റെ വെളിപ്പെടുത്തല്‍. മെസ്സി വന്നതിന് ശേഷം എംബാപ്പെയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നുവെന്നും താരത്തിന്റെ ഈഗോ ക്ലബ്ബിന്റെ മത്സരങ്ങളെയും പ്രകടനത്തെയും കാര്യമായി ബാധിച്ചിരുന്നെന്നും നെയ്മര്‍ തുറന്നുപറഞ്ഞു.

ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നതിന് ശേഷം എംബാപ്പെ എപ്പോഴെങ്കിലും ശല്യമായി മാറിയിരുന്നോ എന്ന റൊമാരിയോയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നെയ്മര്‍. 'എംബാപ്പെ അങ്ങനെ ശല്യക്കാരനായിരുന്നില്ല. പക്ഷേ ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ടീമിലെത്തിയപ്പോള്‍ മുതല്‍ ഞങ്ങളുടെ നിര്‍ണായക താരമായിരുന്നു അവന്‍. ഞാന്‍ അവനെ എപ്പോഴും 'ഗോള്‍ഡന്‍ ബോയ്' എന്നായിരുന്നു വിളിച്ചിരുന്നത്. അവനൊപ്പമായിരുന്നു ഞാന്‍ എപ്പോഴും കളിച്ചിരുന്നത്. അവന്‍ വലിയ താരമാവുമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു.

വര്‍ഷങ്ങളോളം ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ മെസ്സി ഞങ്ങളുടെ ക്ലബ്ബിലെത്തിയതിന് ശേഷം കാര്യങ്ങള്‍ എല്ലാം മാറി. അവന് അല്‍പ്പം അസൂയയുണ്ടായിരുന്നു. എന്നെ ആരുമായും വേര്‍പെടുത്താന്‍ എംബാപ്പെ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കുറച്ച് വഴക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റത്തിലും ചില മാറ്റങ്ങള്‍ വന്നു.

മൊണോക്കോ ക്ലബ്ബില്‍ നിന്ന് 2017ലാണ് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്. ഇതേവര്‍ഷമാണ് നെയ്മറും ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലെത്തിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു അത്. പിന്നാലെ 2021 ഓഗസ്റ്റില്‍ ബാഴ്‌സലോണ വിട്ട മെസ്സിയും പിഎസ്ജിയിലെത്തുകയായിരുന്നു.

താരങ്ങള്‍ക്കിടയിലുണ്ടായ ഈഗോ വലിയ മത്സരങ്ങളില്‍ പിഎസ്ജിയെ വല്ലാതെ ബാധിച്ചുവെന്നും നെയ്മര്‍ തുറന്നു പറഞ്ഞു. 'ഈഗോ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷേ നിങ്ങള്‍ ഒറ്റയ്ക്കല്ല കളിക്കുന്നതെന്ന് മനസ്സിലാക്കണം. നിങ്ങളുടെ കൂടെ മറ്റൊരു വ്യക്തി ഉണ്ടായിരിക്കും. വലിയ ഈഗോ എല്ലാവര്‍ക്കും ഉണ്ടാകാം. പക്ഷേ അത് ആര്‍ക്കും ഗുണം ചെയ്‌തെന്ന് വരില്ല', നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Neymar says Kylian Mbappe was jealous of Lionel Messi at Paris Saint-Germain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us