യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ത്രില്ലര്‍ വിജയവുമായി ബാഴ്‌സലോണ. ഗോള്‍മഴ പെയ്ത മത്സരത്തില്‍ ബെനഫിക്കയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ബെനഫിക്കയ്ക്ക് വേണ്ടി വാന്‍ഗലിസ് പാവ്‌ലിഡിസ് ഹാട്രിക് നേടി തിളങ്ങിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ബാഴ്‌സയ്ക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും റാഫീഞ്ഞയും ഇരട്ടഗോളുകള്‍ നേടി.
🤯 FULL TIME!!!!! 🤯#BenficaBarça | @ChampionsLeague pic.twitter.com/yRkvXMq6iq
— FC Barcelona (@FCBarcelona) January 21, 2025
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബെനഫിക്ക മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ ബാഴ്‌സ ഗോളിയുടെ പിഴവ് മുതലെടുത്ത് വാന്‍ഗലിസ് പാവ്‌ലിഡിസ് ആതിഥേയരെ മുന്നിലെത്തിച്ചു. 13-ാം മിനിറ്റില്‍ ബാള്‍ഡയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ ഒപ്പമെത്തിച്ചു. 22-ാം മിനിറ്റില്‍ പാവ്‌ലിഡിസിലൂടെ ബെനഫിക്ക വീണ്ടും മുന്നിലെത്തി. 30-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പാവ്‌ലിഡിസ് തന്റെ ഹാട്രിക്കും ബെനഫിക്കയുടെ മൂന്നാം ഗോളും കണ്ടെത്തി.
രണ്ടാം പകുതിയില്‍ ബാഴ്‌സ തിരിച്ചടിച്ചു. 64-ാം മിനിറ്റില്‍ റാഫീഞ്ഞയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ നാല് മിനിറ്റിനുള്ളില്‍ റൊണാള്‍ഡ് അറൗജോയുടെ ഓണ്‍ ഗോള്‍ ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇതോടെ 4-2ന് പിന്നിലായ ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവാണ് പിന്നീട് കാണാനായത്.
78-ാം മിനിറ്റില്‍ ലാമിന്‍ യമാലിനെ വീഴ്ത്തിയതിന് ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി എടുക്കാനെത്തിയ ലെവന്‍ഡോവ്‌സ്‌കിക്ക് പിഴച്ചില്ല, ബാഴ്‌സയുടെ മൂന്നാം ഗോളും പിറന്നു. 86-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയിലൂടെ ബാഴ്‌സ ആവേശ സമനില കണ്ടെത്തി. 96-ാം മിനിറ്റില്‍ ആവേശമുയര്‍ത്തി റാഫീഞ്ഞ ബാഴ്‌സയുടെ വിജയഗോളും കണ്ടെത്തി.
Content Highlights: Raphinha caps late Barcelona comeback to settle nine-goal thriller with Benfica